ടോം വടക്കൻ ലിസ്റ്റിലില്ല: വടക്കനെ പൂട്ടാൻ ബിജെപി സംസ്ഥാന നേതൃത്വം; തീരുമാനം കേന്ദ്രത്തിന്

ന്യുഡെൽഹി: കോൺഗ്രസ് പാളയത്തിൽ നിന്നുമെത്തിയ ടോം വടക്കനു കേരളത്തിൽ സീറ്റില്ലെന്ന സൂചനകൾ പുറത്ത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയെ പുറത്തു നിർത്തി ടോം വടക്കനു സീറ്റ് നൽകാൻ നീക്കം നടക്കുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ ബിജെപിക്കുള്ളിൽ വിവാദം അണപൊട്ടിയതോടെയാണ് തീരുമാനം പിൻവലിച്ചതെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്.

ശ്രീധരൻപിള്ളയുടെ സ്ഥാനാർഥിത്വം തീരുമാനിച്ചാൽ ബിജെപി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനകളാണ് ഇപ്പോൾ ഡെൽഹിയിൽ നിന്നും ലഭിക്കുന്നത്. ടോം വടക്കന്‍റെ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും ടോം വടക്കന്‍റെ പേര് കേരളത്തിൽ നിന്നും നൽകിയ പട്ടികയിൽ ഇല്ലെന്നും ശ്രീധരൻപിള്ള പ്രതികരിച്ചു. വിജയസാധ്യതയുള്ള പത്തനംതിട്ട സീറ്റ് ശ്രീധരൻപിള്ള ഉന്നം വയ്ക്കുന്നുണ്ടെന്നത് വ്യക്തമാണ്. തൃശ്ശൂർ സീറ്റാകട്ടെ തുഷാർ വെള്ളാപ്പള്ളിക്ക് കൊടുക്കാനാണ് കേന്ദ്രനേതൃത്വത്തിന്‍റെ താത്പര്യം. എന്നാൽ ഈ സീറ്റ് ലക്ഷ്യമിട്ടാണ് കെ സുരേന്ദ്രന്‍റെ നീക്കം.