ശക്തമായ ഒഴുക്കിൽപ്പെട്ട കടത്തുവള്ളം പാലത്തിൽ നിന്നും ചാടി പിടിച്ചെടുത്ത് വള്ളക്കാരൻ

പത്തനംതിട്ട. കനത്തമഴയില്‍ കെട്ടിയിട്ടിരുന്ന വള്ളം ഒഴികിപ്പോയപ്പോള്‍ പാലത്തില്‍ നിന്നും ചാടി വള്ളം പിടിച്ച വള്ളക്കാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പത്തനംതിട്ടയില്‍ മണിമലയാറ്റിലാണ് സംഭവം. പത്തനംതിട്ട വെണ്ണിക്കുളം കോമളം പാലത്തിന് സമീപം കെട്ടിയിട്ടിരുന്ന കടത്തുവള്ളമാണ് കനത്തമഴയില്‍ ഒഴുക്കില്‍ പെട്ടത്.

ഗ്രാമപഞ്ചായത്തിന്റേതാണ് വള്ളം. കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നതോടെയാണ് വള്ളം യാത്രയ്ക്കായി എത്തിച്ചത്. വള്ളത്തിന്റെ കടത്തുകാരനായ വെണ്ണിക്കുളം സ്വദേശി രാമചന്ദ്രനാണ് സാഹസികമായി വള്ളം പാലത്തില്‍ നിന്നും ചാടി കരയ്ക്ക് അടിപ്പിച്ചത്. വള്ളം കെട്ട് പൊട്ടി ആറ്റിലൂടെ ഒഴികിപ്പോകുന്നത് നാട്ടുകാര്‍ അറിയിച്ചതോടെയാണ് രാമചന്ദ്രന്‍ പാലത്തില്‍ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു.

രാമചന്ദ്രന്റെ സുഹൃത്തും നാട്ടുകാരും വള്ളം കരയ്‌ക്കെത്തിക്കുവാന്‍ സഹായിച്ചു. തന്റെ ഏക ഉപജീവനമാര്‍ഗമാണ് വള്ളമെന്നും അത് നഷ്ടപ്പെടുത്തുവാന്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശക്തമായ ഒഴുക്കില്‍ നിന്നും വള്ളത്തെ കരയ്ക്ക് എത്തിക്കുവാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയം എടുത്തു.