മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം തകർക്കുമെന്ന് ഭീഷണി, അന്വേഷണം തുടങ്ങി

മുംബൈ : മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം വന്നതിൽ അന്വേഷണം തുടങ്ങി. വിമാനത്താവളത്തിലെ ടെർമിനൽ 2 ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌ഫോടനം നടത്താതിരിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഒരു മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ നൽകണമെന്നും ഇമെയിൽ സന്ദേശം എത്തുകയായിരുന്നു.

മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മെയിൽ ഐഡിയിലേക്കാണ് ഇന്നലെ ഈ സന്ദേശം എത്തിയത്. വിമാനത്താവളത്തിന് നൽകുന്ന അവസാനത്തെ മുന്നറിയിപ്പായിരിക്കും ഇതെന്നാണ് സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു. 24 മണിക്കൂറിന് ശേഷം മറ്റൊരു വിവരം കൂടി കൈമാറുമെന്നും സന്ദേശത്തിലുണ്ട്.

സംഭവത്തിൽ ഐപിസി 385, 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ യാതൊരു നിയന്ത്രണങ്ങളും വിമാനത്താവളത്തിൽ വരുത്തിയിട്ടില്ല.