നൂറാം വയസിൽ ആദ്യമായി അയ്യപ്പനെ കാണാനൊരുങ്ങി പാറുക്കുട്ടിയമ്മ

നൂറാം വയസിൽ ശബരിമലയിലേക്ക് പോകാനൊരുങ്ങി വയനാട് മൂന്നാനക്കുഴി സ്വദേശി പാറുക്കുട്ടി. മല ചവിട്ടാനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് നൂറാം വയസിലാണ്. കൊച്ചുമകനും കൊച്ചുമകൻറെ മക്കൾക്കുമൊപ്പമാണ് പാറുക്കുട്ടി മലചവിട്ടാൻ പോകുന്നത്. അയ്യപ്പ ദർശനത്തിന് എന്തേയിത്ര വൈകിയതെന്ന ചോദ്യത്തിന് അങ്ങനെ വൈകിപ്പോയി എന്നാണ് മറുപടി. എന്നാൽ പതിനെട്ടാംപടി കയറി അയ്യനെ കണ്ട് തൊഴുമ്പോൾ പറയാൻ ചില കാര്യങ്ങളുണ്ട്.

പാലസ്തീനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അയ്യപ്പനോട് പ്രാർഥിക്കുമെന്നാണ് പാറുക്കുട്ടിയമ്മ പറയുന്നത്. പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയുടെ മകൻ ഗിരീഷിന്റെ ഭാര്യ ജോലി ചെയ്യുന്നത് ഇസ്രയേലിലാണ്. അതിനാൽ കൊച്ചുമകൻ ഗിരീഷ്, ഗിരീഷിന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരാണ് മുത്തശ്ശിക്ക് കൂട്ട്. ഇസ്രയേൽ പലസ്തീൻ പ്രശ്‌നമൊക്കെ ഫോണിലൂടെയും ടിവിയിലൂടെയുമൊക്കെ പാറുക്കുട്ടിയമ്മ അറിയുന്നുണ്ട്.

യുദ്ധമൊക്കെ സങ്കടം തരുന്ന കാര്യമാണ്. സമാധാനം എല്ലാവർക്കും എല്ലായിടത്തും വേണം. അതിനൊക്കെ വേണ്ടിയാണ് തന്റെ ഈ ശബരിമല യാത്രയെന്നും പാറുക്കുട്ടിയമ്മ ചൂണ്ടിക്കാട്ടുന്നു. 41 ദിവസത്തെ വ്രതം നോറ്റ് പാറുകുട്ടിയമ്മ ഡിസംബർ രണ്ടാം തിയ്യതി കൊച്ചുമക്കളുടെ കൈപിടിച്ച് മലകയറും.