ലൈഫിൽ വീട് അനുവദിക്കാൻ കൈക്കൂലി, മലപ്പുറത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ

മലപ്പുറം : വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിന് പിന്നാലെ ഇയാൾ വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 10,000 രൂപയാണ് വീട്ടമ്മയോട് ആവശ്യപ്പെട്ടത്.

വീട്ടമ്മ ഇക്കാര്യം വിജലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘമൊരുക്കിയ കെണിയിലാണ് കൈക്കൂലിക്കാരൻ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടും സമാനമായ സംഭവം നടന്നിരുന്നു. വീട്ട്നമ്പർ അനുവദിച്ച് നൽകുന്നതിന് 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഓവർസിയറും ഡ്രൈവറുമാണ് പിടിയിലായത്. ഓവർസിയർ പി ജയ്സലിനെയും ഡ്രൈവർ ഡിജിലേഷിനെയുമാണ് മലപ്പുറം വിജിലൻസ് പിടികൂടിയത്.

ചെറുമുക്ക് സലാമത്ത് നഗറിലെ തിലായിൽ സൈനബയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ പണി പൂർത്തിയാക്കിയ ശേഷം വീട്ട്നമ്പർ ലഭിക്കാനായി നന്നമ്പ്ര പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ജനൽ സ്ഥാപിച്ചത് പ്ലാനിലില്ലാത്ത സ്ഥലത്ത് ആയതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച ശേഷം അപാകതകൾ പരിഹരിച്ചാൽ മാത്രമേ നമ്പർ നൽകൂ എന്ന് ജയ്സൽ അറിയിച്ചു.

തുടർന്ന്, ഡിജിലേഷ് പരാതിക്കാരോട് 3,000 രൂപ നൽകിയാൽ ഓവർസിയറോട് പറഞ്ഞ് എല്ലാം ശരിയാക്കിത്തരാമെന്ന് പറയുകയായിരുന്നു. ഈ വിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി എം.ഫിറോസ് ഷഫീഖിനെ സൈനബയുടെ മകൻ സഹീർ ബാബു അറിയിക്കുകയായിരുന്നു.