എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് പ്രധാനമന്ത്രിയുടെ വിജയമന്ത്രം- നിര്‍മല സീതാരാമൻ

ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ. നിരവധി വെല്ലുവിളികളെ അതിജീവിക്കാനായി. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു.

മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്ന് കേന്ദ്ര ബജറ്റ് 2024 അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കി. തൊഴിൽ സാധ്യതകൾ വർധിച്ചു. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി.

പ്രധാനമന്ത്രി ജൻധൻ യോജനക്ക് കീഴിൽ ആദിവാസി സമൂഹത്തെ എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പ്രത്യേക ഗോത്രങ്ങൾക്കായി ഒരു പ്രത്യേക പദ്ധതി കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടി. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. വെല്ലുവിളികളെ സർക്കാർ ധീരമായി നേരിട്ടു. ഗ്രാമവികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ജലവിതരണ പദ്ധതിയിലൂടെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നുണ്ട്. 78 ലക്ഷം വഴിയോര കച്ചവടക്കാർക്ക് സഹായം നൽകി. കർഷകരെ ശാക്തീകരിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം 4 കോടി കർഷകർക്ക് ലഭിച്ചു. പ്രധാനമന്ത്രി കിസാൻ യോജനയിൽ നിന്ന് 11.8 കോടി ആളുകൾക്ക് ധനസഹായം ലഭിച്ചുവെന്നും ധനമന്ത്രി