മൊറാർജിയുടെ റെക്കോർഡ് തകർത്ത് നാരീശക്തി, ആറാം തവണയും ബജറ്റ് അവതരിപ്പിച്ച് നിർമ്മല സീതാരാമൻ

രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് പാർലമെന്റിൽ അവതരിപ്പിന്നതിലൂടെ നിർമല സീതാരാമനും റെക്കോർഡുകളും പിറവിയെടുക്കുകയാണ്. തുടർച്ചയായി ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി, ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, പേപ്പർ ഇല്ലാതെ, അച്ചടിച്ച കോപ്പി ഇല്ലാതെ ബജറ്റ് അവതരിപ്പിച്ച ആദ്യ കേന്ദ്ര ധനമന്ത്രി അങ്ങനെ നിർമല സീത രാമനെ കാത്തിരിക്കുന്നത് റെക്കോര്ഡുകളുടെ നീണ്ട നിര

ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് നിർമലാ സീതാരമൻ. 2019 മുതലാണ് നിർമല സീതാരാമൻ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്.നിലവിൽ ഈ റെക്കോർഡ് മൊറാർജി ദേശായിയുടെ പേരിലാണ്. 1959-64 കാലഘട്ടത്തിൽ തുടർച്ചയായി അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പത്ത് ബജറ്റുകൽ അവതരിപ്പിച്ച് ഏറ്റവും അധികം ബജറ്റുകൾ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും മൊറാർജി ദേശായിക്കാണ്.നേരത്തെ ധനമന്ത്രിമാരായ മൻമോഹൻ സിം​ഗ്, അരുൺ ജെയ്റ്റ്‌ലി, പി.ചിദംബരം, യശ്വന്ത് സിൻഹ എന്നിവരും തുടർച്ചയായി അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

പി. ചിദംബരം 2003-2005 മുതൽ 2008-2009 വരെയും യശ്വന്ത് സിൻഹ 1998-ലും, 1999-2000 മുതൽ 2002-03 വരെയും തുടർച്ചയായി ബജറ്റ് അവതരിപ്പിച്ചു. യശ്വന്ത് സിൻഹയാണ് വൈകുന്നേരം അഞ്ചിനുള്ള ബജറ്റ് അവതരണ സമയം മാറ്റി രാവിലെ 11 മുതലാക്കിയത്. 1991 മുതൽ 1996 വരെയുള്ള കാലഘട്ടത്തിലാണ് മൻമോഹൻ സിം​ഗ് തുടർച്ചായായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചത്. ഇവരെ പിന്നാലാക്കിയാണ് നിർമല സീതാരാമൻ തുടർച്ചയായി ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കുന്നത്.

ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച റെക്കോഡും നിർമല സീതാരാമനാണ്. 2020-ൽ രണ്ട് മണിക്കൂർ 42 മിനിട്ട് സമയമെടുത്തായിരുന്നു ബജറ്റ് അവതരണം. പേപ്പർ ഇല്ലാതെ, അച്ചടിച്ച കോപ്പി ഇല്ലാതെ ബജറ്റ് അവതരിപ്പിച്ച ആദ്യ കേന്ദ്ര ധനമന്ത്രിയും നിർമലാ സീതാരാമൻ ആയിരുന്നുയ 2021-ലെ ബജറ്റിലായിരുന്നു ഇത്. അച്ചടിച്ച കോപ്പി ഇല്ലാത്തതുകൊണ്ട് തന്നെ പാർലമെൻറ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ’ ലഭ്യമായിരുന്നു.2017-ലാണ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരിപ്പിക്കുന്ന കൊളോണിയൽ കാലത്തെ പാരമ്പര്യത്തിൽ നിന്ന് മാസത്തിലെ ഒന്നാം തിയതിയിലേക്ക് ജെയ്റ്റ്‌ലി ചുവടുമാറ്റിയത്.

2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, രണ്ടാം മോദി സർക്കാരിൽ, നിർമലാ സീതാരാമന് ധനകാര്യ വകുപ്പിൻ്റെ ചുമതല നൽകി. 1970-71 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി അവർ.ആ വർഷം, സീതാരാമൻ പരമ്പരാഗത ബജറ്റ് ബ്രീഫ്‌കേസ് ഒഴിവാക്കി, പകരം പ്രസംഗവും മറ്റ് രേഖകളും വഹിക്കാൻ ദേശീയ ചിഹ്നത്തോടുകൂടിയ ‘ബാഹി-ഖാത’ തിരഞ്ഞെടുത്തു.നിർമലാ സീതാരാമൻ്റെ കീഴിൽ ദരിദ്രർക്കായി പ്രഖ്യാപിച്ച നിരവധി പോളിസി നടപടികളിലൂടെ ഇന്ത്യ കോവിഡ് മഹാമാരിയെ അതിജീവിച്ചു. രാജ്യം അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന ഖ്യാതി തുടരുകയും, ലോക സമ്പദ്‌വ്യവസ്ഥയിൽ മികച്ച സ്ഥാനം തുടരുകയും ചെയ്തു.

2027-28 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയും 2047 ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയും ആകാനുള്ള കുതിപ്പിലാണ് ഇന്ത്യ.ഒരു ധനമന്ത്രിക്ക് അവതരിപ്പിക്കാവുന്ന ബജറ്റിൽ ഏറ്റവും കൂടുതൽ തവണയായി 10 ബജറ്റുകൾ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി അവതരിപ്പിച്ചു. അവയിൽ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ ആറെണ്ണം അദ്ദേഹം തുടർച്ചയായി അവതരിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആദ്യത്തെ ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടിയാണ്.