ബസ്, ഓട്ടോ, ടാക്സി നിരക്കു വർധന മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം ∙ ബസ്, ഓട്ടോ, ടാക്സി നിരക്കു വർധന മന്ത്രിസഭ അംഗീകരിച്ചു. മേയ് 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും. ഓർഡിനറി ബസ് മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 ആക്കിയിരിക്കുകയാണ്. ഈ നിരക്കിൽ യാത്ര ചെയ്യാവുന്ന ദൂരം 2.5 കിലോമീറ്ററായിരിക്കും. മുൻപ് മിനിമം നിരക്കിൽ 5 കിലോമീറ്റർ യാത്ര ചെയ്യാമായിരുന്നു.

കോവിഡ് കാലത്താണ് ഇത് 2.5 കിലോമീറ്റർ ആയി കുറച്ചത്. മിനിമം നിരക്കിലെ ദൂരം കുറയുന്നത് യാത്രച്ചെലവ് വർധിപ്പിക്കും. സിറ്റി ഫാസ്റ്റ് മിനിമം നിരക്ക് 12 രൂപ (2.5 കി.മി); തുടർന്ന് കിലോമീറ്ററിനു 1.03 രൂപ. ഫാസ്റ്റ് പാസഞ്ചറിൽ മിനിമം നിരക്ക് 15 രൂപ (5 കി.മീ); തുടർന്ന് കിലോമീറ്ററിന് 1.05 രൂപ. സൂപ്പർ ഫാസ്റ്റ് മിനിമം നിരക്ക് 22 രൂപ (10 കി.മീ); തുടർന്ന് കിലോമീറ്ററിന് 1.08 രൂപ.

ഓർഡിനറി, ഫാസ്റ്റ് നിരക്കുകൾ കൂടുമ്പോൾ പല സൂപ്പർ ക്ലാസ് ബസുകളിലെയും നിരക്ക് നിലവിലുള്ളതിനെക്കാൾ കുറയുന്നുമുണ്ട്. സൂപ്പർ എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സർവീസുകൾക്കു മിനിമം നിരക്ക് കൂട്ടിയിട്ടില്ല. സൂപ്പർ എക്സ്പ്രസ് മിനിമം നിരക്ക് 28 രൂപയായി നിലനിർത്തി; അതേസമയം ഈ നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 10 കിലോമീറ്ററിൽനിന്നു 15 ആയി കൂട്ടി. തുടർന്നു ഓരോ കിലോമീറ്ററിനും 1.10 രൂപ. സൂപ്പർ എയർ എക്സ്പ്രസിന്റെ മിനിമം നിരക്ക് 35 രൂപയായി നിലനിർത്തി; സഞ്ചരിക്കാവുന്ന ദൂരം 10 ൽ നിന്ന് 15 കിലോമീറ്റർ ആക്കി; തുടർന്നുള്ള കിലോമീറ്റർനിരക്ക് 2 പൈസ കുറച്ച് 1.15 രൂപയാക്കി.