സിഎം രവീന്ദന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി

നാലാം തവണയും നോട്ടീസ് നല്‍കിയതിന് പിന്നാലെ മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. രാവിലെ ഒന്‍പത് മണിയോടെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് സിഎം രവീന്ദ്രന്‍ ഹാജരായത്. സിഎം രവീന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടാണ് സിഎം രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം കേസിന്റെ പ്രാരംഭ ഘട്ട അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രവീന്ദ്രനെ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നതിനായി നാലാം തവണയും ഇഡി നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു സി.എം. രവീന്ദ്രന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.എം. രവീന്ദ്രന്‍ രാവിലെ ഇഡി ഓഫീസില്‍ എത്തിയത്.