അപർണക്ക് സ്വന്തം മികവ് കൊണ്ട് സിനിമകൾ ഹിറ്റാക്കാനാകുമോ? Aparna Balamurali Producer G.Suresh Kumar

അപർണ സ്വന്തം മികവു കൊണ്ട് സിനിമകൾ ഹിറ്റാക്കുമോ? എന്ന് നിർമാതാവ് ജി.സുരേഷ് കുമാറിന്റെ ചോദ്യം. അപർണ ബാലമുരളി സ്വന്തം മികവു കൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ പ്രതിഫലം നൽകാമെന്ന് ജി. സുരേഷ് കുമാർ പറയുന്നു. ‘മറ്റു തൊഴിൽമേഖലകളിൽ ഉള്ളതുപോലെ ലിംഗവിവേചനം സിനിമയിലും ഉണ്ടെന്നും പ്രതിഫലക്കാര്യത്തിൽ സിനിമാ മേഖലയിൽ നിലനിൽക്കുന്ന വിവേചനം ശരിയല്ലെന്നും’ മികച്ച നടിക്കുള്ള ദേശീയ അവാർഡ് പ്രഖ്യാപിച്ചതിൽ പിന്നെ നടി അപർണ ബാലമുരളി പറഞ്ഞത് വിവാദമായിരിക്കുകയാണ്.

അവാർഡ് ലഭിച്ചതിനു ശേഷം അപർണ പറഞ്ഞ വാക്കുകൾ നിർമ്മാതാക്കൾക്കി ടയിലും മലയാളം, തമിഴ് സിനിമ രംഗത്തെ സൂപ്പർ താരങ്ങൾക്കിടയിലും ചർച്ച വിഷയമാണ്. ഇതിനിടെയാണ് ഒരു പ്രമുഖ ഓൺലൈനോട് ജി. സുരേഷ് കുമാറിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

‘എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ് അപർണ. സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതിനാലാവാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്. സർക്കാർ സർവീസിൽ ആണെങ്കിൽ ഒരേ തസ്തികയിൽ ഒരേ ജോലി ചെയ്യുന്നവർക്ക് ഒരേ ശമ്പളം നൽകാം. സർക്കാർ സർവീസിലും സീനിയർ ആയാൽ അവരുടെ ശമ്പളം കൂടും. സിനിമയിൽ അത് നടപ്പാക്കാൻ സാധിക്കില്ല.’ – സുരേഷ് കുമാർ പറയുന്നു.

‘തന്റെ ഒപ്പമുള്ള മറ്റൊരു ആർട്ടിസ്റ്റിനു ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നു കേട്ട് ഞെട്ടിയിട്ടുണ്ട്. അനുഭവ സമ്പത്തിനും തൊഴിൽമികവും ഒരു പോലെയുള്ള താരങ്ങൾക്ക് പ്രതിഫലം പല തരത്തിലാണെന്നത് നീതീകരിക്കാനാകില്ല. ചെയ്യുന്ന ജോലിക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കണം. താരമൂല്യം എന്നതിനപ്പുറം ആർട്ടിസ്റ്റുകളുടെ അനുഭവ സമ്പത്തിനും മികവിനുമാകണം പ്രതിഫലം നൽകേണ്ടത്.’ എന്നാണ് തൃശൂർ പ്രസ് ക്‌ളബിന്റെ മീറ്റ് ദി പ്രസിൽ അപർണ പറഞ്ഞിരുന്നത്.

‘സിനിമയിൽ എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകണമെന്ന ആവശ്യം എങ്ങനെ നടപ്പാക്കാൻ കഴിയും? എന്നാണ് സുരേഷ് കുമാർ ചോദിക്കുന്നത്. ലോകത്ത് എവിടെയെങ്കിലും സിനിമാ രംഗത്ത് ഇങ്ങനെ ഒരേ പ്രതിഫലം നൽകുന്നുണ്ടോ? സൂപ്പർ താരങ്ങൾക്കു വലിയ പ്രതിഫലം നൽകാം. സ്വന്തം മികവു കൊണ്ട് പടം ഹിറ്റ് ആക്കാൻ ശേഷിയുള്ളവരെ ആണ് നമ്മൾ സൂപ്പർ താരങ്ങൾ എന്നു വിളിക്കുന്നത്. മോഹൻലാലിനു നമുക്ക് കോടികൾ നൽകാം. ലാൽ അഭിനയിക്കുന്നതു കാണാനാണ് ജനം തിയറ്ററിൽ കയറുന്നത്. അതേ പ്രതിഫലം എന്റെ മകൾ കീർത്തി സുരേഷിനു കൊടുക്കണമെന്നു പറഞ്ഞാൽ നടക്കുമോ? ഞാൻ പോലും അതിനോട് യോജിക്കില്ല.’ സുരേഷ് കുമാർ പറയുന്നു.