റോഡില്‍ തലകറങ്ങി വീണ ഉടമയെ രക്ഷിക്കാന്‍ കാറ് തടഞ്ഞുനിര്‍ത്തി സഹായം തേടി വളര്‍ത്തുനായ

പ്രഭാത സവാരിക്കിടെ റോഡില്‍ തലകറങ്ങിവീണ ഉടമയെ നായ രക്ഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. പ്രഭാത സവാരിയ്ക്ക് വളര്‍ത്തുനായയുമായി ഇറങ്ങിയ യുവതി റോഡില്‍ തലകറങ്ങി വീഴുന്നതും നായ വാഹനം തടഞ്ഞ് സഹായം തേടുന്നതുമാണ് വീഡിയോയിലുള്ളത്. കാനഡയില്‍ നിന്നുള്ളതാണ് പ്രചരിക്കുന്ന വീഡിയോ. ഒട്ടാവയിലെ സ്വിറ്റ്സ്വില്ലയിലാണ് സംഭവം.

പതിവ് പോലെ തന്റെ വളര്‍ത്തുനായയായ ക്ലോവറുമായി പ്രഭാത സവാരിക്കിറങ്ങിയ ഹാലെ മൂര്‍ എന്ന യുവതി അല്‍പദൂരം പോയ ശേഷം വഴിയില്‍ തലകറങ്ങി വീഴുകയായിരുന്നു. തന്റെ യജമാനന് അപകടം സംഭവിച്ചുവെന്ന് തല്‍ക്ഷണം മനസിലാക്കിയ നായ ഉടന്‍ തന്നെ നടുറോഡില്‍ ഇറങ്ങി എതിരെ വരുന്ന വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. റോഡിന് നടുവില്‍ നിന്ന് കുരയ്ക്കുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി ശ്രദ്ധിച്ചപ്പോഴാണ് യുവതിയെ കണ്ടത്.

ഉടന്‍ തന്നെ ഡ്രൈവര്‍ യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിയ്ക്കുകയും ഫോണ്‍ ചെയ്ത് വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തു. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. കൂടാതെ യുവതിയെ ആശുപത്രിയിലേക്ക് വാഹനത്തില്‍ കയറ്റിയയച്ച ശേഷം നായ വീട്ടില്‍പോയി വീട്ടുകാരെ നേരിട്ട് വിവരം അറിയിക്കുകയും ചെയ്തു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാലെ മൂറിന്റെ ആരോഗ്യ സ്ഥിതി നിലവില്‍ തൃപ്തികരമാണ്. തക്കസമയത്ത് യുവതിയെ രക്ഷിച്ചത് നായയുടെ സമയോചിതമായ ഇടപെടലാണെന്ന് പരിശോധിച്ച ഡോക്ടറും കുടുംബവും പറയുന്നു.