ശശിയേട്ടന്‍ ഉണ്ടായിരുന്നേല്‍ ഇത് നേരത്തെ നടന്നേനെ, സീമ പറയുന്നു

സംവിധായകന്‍ ഐവി ശശിയുടെയും നടി സീമയുടെയും മകന്‍ അനി സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തെലുങ്ക് ചിത്രമായ നിന്നിലാ നിന്നിലാ എന്ന ചിത്രത്തിലൂടെയാണ് അനിയുടെ സംവിധായക അരങ്ങേറ്റം. ഇപ്പോള്‍ മകന്റെ ചിത്രത്തിന്റെ പ്രചരണത്തിനായി നേരിട്ട് ഇറങ്ങിയിരിക്കുകയാണ് നടി സീമ. ഹൃദയസ്പര്‍ശിയായ വിഡിയോയ്‌ക്കൊപ്പമാണ് താരം മകന്റെ സിനിമയെ പരിചയപ്പെടുത്തിയത്. ശശിയേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഇതു കുറച്ചുമുന്നേ ചെയ്യേണ്ടിയിരുന്നതാണ് എന്നാണ് താരം പറയുന്നത്.

അശോക് സെല്‍വന്‍, റിതു വര്‍മ, നിത്യ മേനോന്‍, നാസര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സീ 5 എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ശശിയേട്ടനെയും തന്നെയും സപ്പോര്‍ട്ട് ചെയ്ത പോലെ അനിക്കും സപ്പോര്‍ട്ട് നല്‍കണം എന്നാണ് സീമ പറയുന്നത്.

‘ഞങ്ങളുടെ കുടുംബത്തില്‍ ഒരു വിശേഷം നടന്നിരിക്കുകയാണ്. ശശിയേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഇതു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പെ ചെയ്യുമായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ കൂടെ ശശിയേട്ടന്‍ ഇല്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്. ഞങ്ങളുടെ മകന്‍ അനി ഐ.വി ശശി, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കഴിഞ്ഞതിനു ശേഷം സംവിധായകന്‍ പ്രിയദര്‍ശനൊപ്പം 10 വര്‍ഷം അസോസിയറ്റ് ഡയറക്ടറായിരുന്നു. ഇപ്പോള്‍ അനി സ്വതന്ത്രമായി ഒരു പടം ചെയ്തു. തെലുങ്കിലാണ് സിനിമ. പടത്തിന്റെ പേര് ‘നിന്നിലാ നിന്നിലാ’ എന്നാണ്. അശോക് സെല്‍വന്‍, റിതു വര്‍മ, നിത്യ മേനോന്‍, നാസര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞങ്ങളൊക്കെ സിനിമ കണ്ടു. പടം ഞങ്ങള്‍ക്ക് ഇഷ്ടമായി. നാസര്‍ സര്‍ പടം കണ്ടിട്ടു പറഞ്ഞത് മകനെ ഓര്‍ത്ത് സീമയ്ക്ക് അഭിമാനിക്കാം എന്നായിരുന്നു. സീ 5 എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കാണണം… നല്ല പടമാണ്. കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചാല്‍ നന്നായിരിക്കും. ശശിയേട്ടനെയും എന്നെയും സപ്പോര്‍ട്ട് ചെയ്ത പോലെ അനിക്കും സപ്പോര്‍ട്ട് നല്‍കണം.’ സീമ പറഞ്ഞു.