അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ആനകളെ എത്തിക്കാം, ആന കൈമാറ്റത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ആനകളെ എത്തിക്കാം. ഉടമസ്ഥത സര്‍ട്ടിഫിക്കറ്റുള്ള ആനകളെ എവിടേക്കും കൈമാറാം.

ആനയെ രജിസ്റ്റര്‍ ചെയ്ത സ്ഥലത്തെ വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററാണ് ആനക്കൈമാറ്റത്തിന്റെ അപേക്ഷ പരിഗണിക്കേണ്ടത്. കൈമാറുന്ന ആനയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും വേണം.

തൃശൂരിലെ പൂരം സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വിലക്ക് നീക്കി ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ കൊണ്ടുവരുന്നതിനുള്ള അനുമതിക്കായി കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു.

1972ലെ വന്യജീവിസംരക്ഷണനിയമത്തിലെ ഭേദഗതിക്കുള്ള ചട്ടങ്ങള്‍ നിലവില്‍വരുന്നതോടെ ആനക്കൈമാറ്റം സുഗമമാകുകയും ഉത്സവങ്ങളിലെ ആനക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യും. എഴുനൂറോളം നാട്ടാനകളുണ്ടായിരുന്ന കേരളത്തില്‍ നിലവില്‍ 430 ആനകള്‍ മാത്രമാണുള്ളത്. ഇതില്‍ ഇരുനൂറിലധികം ആനകളെ മാത്രമാണ് എഴുന്നള്ളിപ്പുകള്‍ക്ക് ഉപയോഗിക്കുന്നത്.