ഷവര്‍മ ഉണ്ടാക്കുന്ന പാത്രത്തിൽ കയറി പൂച്ചകൾ ഇറച്ചി കഴിച്ച സംഭവം ; കട പൂട്ടിച്ചു

പയ്യന്നൂർ : ഹോട്ടലിലെ ഷവര്‍മ ഉണ്ടാക്കുന്ന പാത്രത്തിൽ കയറി പൂച്ചകൾ ഇറച്ചി കഴിച്ച സംഭവത്തിൽ നടപടി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പയ്യന്നൂര്‍ നഗരസഭാ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മജ് ലിസ് റെസ്റ്റോറന്റില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പാചകക്കാരന്‍ ഇല്ലാതിരുന്ന സമയത്താണ് പൂച്ചകള്‍ ഷവര്‍മ തട്ടില്‍ കയറിപറ്റിയത്.

ഷവര്‍മ കഴിക്കുകയായിരുന്ന പൂച്ചകളെ പാചകക്കാരനെത്തിയാണ് ഓടിച്ചുവിട്ടത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പയ്യന്നൂര്‍ നഗരസഭാ ആരോഗ്യവിഭാഗം അധികൃതരെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. ഷവര്‍മ തയ്യാറാക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ ഇതൊന്നും പാലിക്കപ്പെട്ടില്ല. അശ്രദ്ധയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതും ഗുരുതര വീഴ്ചയാണ്

എന്നാല്‍ പൂച്ചകള്‍ കയറിയതിനു പിന്നാലെ ഷവര്‍മ നശിപ്പിച്ചെന്നാണ് ഹോട്ടലുടമയുടെ വിശദീകരണം. കെ.പി.സി. അബ്ദുള്‍ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് മജ്‌ലിസ്. നിലവിലുള്ള അപാകങ്ങള്‍ പരിഹരിച്ച് മാത്രമേ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുവെന്ന് നഗരസഭാ വ്യക്തമാക്കിയിട്ടുണ്ട്.