20 ക്വിന്റൽ ഉള്ള പോത്തിനെ കണ്ടിട്ടുണ്ടോ, ഇതാ പെരുമ്പാവൂർ മാർക്കറ്റിൽ വില്പനക്ക്

കോവിഡ് പ്രതിസന്ധി സാമ്പത്തിക മേഖലയെയും കൃഷി മേഖലയെയും ഒരുപോലെ തകർത്തു. ഇത്തവണത്തെ കാലിച്ചന്തയും കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ വർഷം 7 കോടി രൂപയുടെ കാലിക്കച്ചവടം നടന്നപ്പോൾ ഇക്കുറി നടന്നത് 70 ലക്ഷത്തിൽ താഴെയായിരുന്നു.. എന്നാൽ ഇക്കൊല്ലം താരമായത് 20 ക്വിന്റൽ ഉള്ള പോത്താണ്.

ഹരിയാനയിൽ നിന്ന് കൊണ്ടുവന്ന പോത്ത് വിറ്റുപോയില്ല എന്നതും ശ്രദ്ധേയമാണ്. മുറയിനത്തിൽപ്പെട്ട പോത്തിനെ പി.എച്ച്.ഷാജിയും ബഷീർ ചായമ്മാടിയും ചേർന്ന് രണ്ട് വയസ്സുള്ളപ്പോൾ ഒന്നേകാൽ ലക്ഷം രൂപക്ക് വാങ്ങിവളർത്തുകയായിരുന്നു. ഇപ്പോൾ പോത്തിന് നാലു വയസ്സായി.

2.60 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. ഒരു ലക്ഷത്തോളം രൂപ തീറ്റയിനത്തിൽ തന്നെ ചെലവുണ്ടെന്ന് ഷാജി പറഞ്ഞു. എറണാകുളം ജില്ലയിൽ നിന്നും സമീപജില്ലകളിൽ നിന്നും കന്നുകാലികളെ വാങ്ങാൻ എത്തുന്നത് പെരുമ്പാവൂർ ചന്തയിലാണ്. ഇത്തവണ സമീപ പ്രദേശങ്ങളിൽ നിന്നു മാത്രമാണ് എത്തിയയത്. വലുപ്പമുള്ള ഉരുക്കളെ സംഘം ചേർന്നു വാങ്ങിക്കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു. ഇത്തവണ അത്തരം രീതികൾ കുറവായിരുന്നെന്ന് സംഘാടകനായ ഷമീർ ചായമ്മാടി പറ‍ഞ്ഞു