ഓമനിച്ച് വളര്‍ത്തിയ നായയുടെ കടിയേറ്റ് പേവിഷബാധയെ തുടര്‍ന്ന് പിതാവ് മരിച്ചു, ദാരുണാന്ത്യം പുനസൃഷ്ടിച്ച് മകന്‍

പേ വിഷബാധ ഏറ്റ് മരിച്ച അച്ഛന്റെ മരണം പുനരാവിഷ്‌കരിച്ച് മകന്റെ ഹ്രസ്വചിത്രം. കടുപ്പശ്ശേരി സ്വദേശിയായ ആളൂക്കാരന്‍ സിജോയ് എന്ന യുവാവാണ് തന്റെ പിതാവ് തോമസിന്റെ മരണത്തിന് കാരണമായ പേ വിഷബാധയുടെ ഭീകരാവസ്ഥയെ കുറിച്ച് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ചൂണ്ടുവിരല്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിജോയിയുടെ പിതാവ് തോമസിന് പേ വിഷബാധയേല്‍ക്കുന്നത്. ഓമനിച്ച് വളര്‍ത്തിയ നായയില്‍ നിന്നുമായിരുന്നു തോമസിന് കടിയേല്‍ക്കുന്നത്. തോമസിന്റെ ചൂണ്ടുവിരലില്‍ പട്ടികടിക്കുകയും പേ വിഷം തലച്ചോറിനെ ബാധിച്ച് മരണം സംഭവിക്കുകയുമായിരുന്നു. ആ സമയം സിജോയ്ക്ക് വെറും അഞ്ച് വയസായിരുന്നു പ്രായം.

ചൂണ്ടുവിരല്‍ എന്ന ഹ്രസ്വചിത്രത്തില്‍ റാബിസ് എന്ന വിഷബാധയുടെ ഭയാനകതയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നത് കൂടിയാണ് ചിത്രം. സിജോയ് തന്നെയാണ് ചിത്രത്തിന്റെ രജനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമ സീരിയല്‍ നടനായ ബിദു മാഞ്ഞൂരാനാണ് ഹ്രസ്വചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സിജോയുടെ മകനായ പത്താംക്ലാസുകാരന്‍ റസിനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും സിജജോയുടെ സുഹൃത്തുക്കളും നാട്ടുകാരും ചിത്രത്തില്‍ പങ്കാളികളായി.

തലച്ചോറിനെ റാബിസ് വൈറസ് ബാധിച്ചാല്‍ ഇതിന് പരിഹാരമായി ഇപ്പോഴും മരുന്ന് കണ്ടെത്തിയിട്ടില്ല. ഇതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ചിത്രം എന്നാണ് സിജോയ് പറയുന്നത്. അപ്പനെ അന്ന് നായ ചൂണ്ടുവിരലിലാണ് കടിച്ചത്. ചൂണ്ടുവിരലും തലച്ചോറുമായി ബന്ധമുണ്ട് അതിനാലാണ് വിഷം പെട്ടെന്ന് തലച്ചോറിനെ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്തതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇക്കാര്യമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് സിജോയ് പറഞ്ഞു.