ലൈഫ് മിഷന്‍; കൈക്കൂലി വാങ്ങിയത് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് സിബിഐ സുപ്രീം കോടതിയില്‍

ലൈഫ് മിഷന്‍ കേസില്‍ അടിമുടി കൈക്കൂലി വാങ്ങല്‍ നടന്നതായി സി ബി ഐ. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ അന്താരാഷ്ട്ര ഗൂഢാലോചന വെളിപ്പെടുത്തി സി ബി ഐ. ലൈഫ് മിഷന്‍ കേസിലെ സി ബി ഐ അന്വേഷണം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്ന് ആരോപിച്ച സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ മറുപടി നല്‍കുകയായിരുന്നു സി ബി ഐ.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിനായി സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കിയെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് സി ബി ഐ. കരാറിലെ പല ഇടപാടും നിയമ വ്യവസ്ഥകള്‍ ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് നിരവധി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കൈക്കൂലി വാങ്ങിയിരിക്കുന്നത്. അതിനാല്‍, കേസിലെ സമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നത് തുടരേണ്ടത് അത്യാവശ്യമാണെന്നും സി ബി ഐ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചു. ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്ന് ആരോപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് സന്തോഷ് ഈപ്പനും സുപ്രീം കോടതിയെ സമീപിച്ചത്.