കോവിഡ് മാർ​ഗ നിർദ്ദേശവുമായി കേന്ദ്രം; മാസ്ക് വേണം, ആള്‍ക്കൂട്ടം അമിതമാകരുത്

ന്യൂഡൽഹി. ഉത്സവ സീസണ്‍, പുതുവത്സര ആഘോഷം എന്നിവ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്‌സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗനിർദേശം. പനി, ​ഗുരുതര ശ്വാസ പ്രശ്നങ്ങൾ എന്നിവയുള്ള രോ​ഗികളെ നിരീക്ഷിക്കണം.രോഗം സ്ഥിരീകരിച്ചാല്‍ ജനിതക ശ്രേണീകരണം നടത്തണം. ആള്‍ക്കൂട്ടങ്ങള്‍ അമിതമാകരുത്, മാസ്ക് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നു.

കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളിലെ ആരോ​ഗ്യ മന്ത്രിമാർ പങ്കെടുത്ത യോ​ഗത്തിലാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടത്. പനി, ​ഗുരുതര ശ്വാസ പ്രശ്നങ്ങൾ ഉള്ളവരെ നിരീക്ഷിക്കുന്നതിനൊപ്പം വേണമെങ്കിൽ കോവിഡ് പരിശോധന നടത്താനും നിർദ്ദേശത്തിലുണ്ട്. പരിശോധന, നിരീക്ഷണം, ചികിത്സ എന്നിവയ്ക്ക് പ്രാമുഖ്യം നൽകാനും നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആൾക്കൂട്ടങ്ങൾ അമിതമാകരുത്. ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും മാസ്കും ഉറപ്പാക്കണം. വാക്സിൻ കരുതൽ ഡോസ് വിതരണത്തിൽ വൈമുഖ്യം കാണുന്നുണ്ട്. ഇത് ഒഴിവാക്കി കരുതൽ ഡോസ് നൽകുന്നതിന് പ്രാധാന്യം നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കുകയും ജാ​ഗ്രത വർധിപ്പിക്കുകയും ചെയ്യണം. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചെങ്കിൽ മാത്രമേ കോവിഡ് സാഹചര്യം നിയന്ത്രിക്കാനാകൂവെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക, പരിശോധന വേഗത്തിലാക്കുക, ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിക്കുകയുണ്ടായി. കടുത്ത നിയന്ത്രണങ്ങളിലേക്ക് ഇപ്പം കടക്കുന്നില്ലെന്നും എന്നാൽ ജാ​ഗ്രത കൈവിടരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.