വൈഗ വധക്കേസ് ;പ്രതി സനു ഹോമനെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ പൊലീസ്

കൊച്ചി:പതിമൂന്ന് വയസുള്ള മകള്‍ വൈഗയെ അച്ഛന്‍ സനു മോഹന്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ പൊലീസ്. 236 പേജുള്ള കുറ്റപത്രത്തില്‍ കേസില്‍ 97 സാക്ഷികളാണുളളത്. മകള്‍ ബാദ്ധ്യതയാകുമെന്ന് കണ്ട് സനുമോഹന്‍ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പെരിയാറിലാണ് മുങ്ങി മരിച്ച നിലയില്‍ വൈഗയെ കണ്ടെത്തിയത്. വൈഗയെ കൊന്നശേഷം മറ്റൊരു നാട്ടില്‍ വേറൊരു ആളായി ജീവിക്കാനാണ് സനുമോഹന്‍ പദ്ധതിയിട്ടിരുന്നതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തിന് തൊട്ടുമുമ്ബ് ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അരൂരില്‍ വച്ച്‌ കുട്ടിക്ക് ഭക്ഷണം വാങ്ങി നല്‍കി. ഇതില്‍ ലഹരിവസ്‌തു കലര്‍ത്തി കുട്ടിയെ ബോധം കെടുത്താന്‍ ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇതുകഴിഞ്ഞ് ഫ്‌ളാറ്റില്‍ എത്തിയ ശേഷം പെണ്‍കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടി ദേഹത്തോട് ചേര്‍ത്ത് അമര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുട്ടി മരിച്ചെന്ന് കരുതി സനുമോഹന്‍ വൈഗയെ പെരിയാറില്‍ എറിയുകയായിരുന്നു. എന്നാല്‍ കുട്ടി മരിച്ചിരുന്നില്ലെന്നും വെള്ളം കുടിച്ചാണ് മരിച്ചതെന്നും പൊലീസ് കണ്ടെത്തി.

കൊലപാതകം, ലഹരിവസ്‌തു നല്‍കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. തുടക്കം മുതല്‍ തന്നെ കാണാതായ അച്ഛനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയില്‍ നിന്നാണ് സനുമോഹനെ പൊലീസ് പിടികൂടിയത്.