ആലുവ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിൽനിന്ന് പണം തട്ടിയ സംഭവം, പണം നൽകി ഒതുക്കാൻ നീക്കങ്ങൾ

കൊച്ചി : കേരളത്തെ നടുക്കിയ ആലുവ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിന് പിന്നാലെ കുടുംബത്തിന് സർക്കാരിൽ നിന്നും ലഭിച്ച നഷ്ടപരിഹാരത്തുക മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് തട്ടിയതായുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. സംഭവം വാര്‍ത്തയായതോടെ പണം തിരികെ നല്‍കി തടിയൂരാൻ ആരോപണവിധേയന്റെ ശ്രമം നടക്കുകയാണ്. 50,000 രൂപ ഇയാള്‍ ഇപ്പോള്‍ തിരികെ നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.

നഷ്ടപരിഹാരത്തുക കിട്ടിയതിന് പിന്നാലെ കുട്ടിയുടെ പിതാവിൽനിന്ന് 1,20,000 രൂപയാണ് സൂക്ഷിക്കാമെന്ന് പറഞ്ഞ് പലതവണകളായി മുനീര്‍ വാങ്ങിയത്. ഇതില്‍ 70,000 രൂപ നേരത്തേ മുനീര്‍ തിരികെ നല്‍കിയിരുന്നു. ബാക്കി പണമാണ് ഇപ്പോള്‍ നല്‍കിയത്. പണം തട്ടിയ വാര്‍ത്ത പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെയാണ് മുനീര്‍ മുഴുവന്‍ പണവും തിരികെ നല്‍കിയിരിക്കുന്നത്.

സംഭവം കേരളത്തിനാകെ നാണക്കേടായി. മകളെ പിച്ചിച്ചീന്തി കൊന്നതിന് സർക്കാർ നൽകിയ നഷ്ടപരിഹാരം പിടിച്ചു പറിക്കാനും നേതാക്കൾക്ക് മടിയില്ല. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് കൂടിയായ മുനീര്‍ നന്നായി ഹിന്ദി സംസാരിക്കുന്നയാളാണ്. ഇത് തന്നെയാണ് ഇയാളെ കുട്ടിയുടെ കുടുംബവുമായി അടുപ്പിച്ചത്. ആകെ വാങ്ങിയ 1,20,000 രൂപയില്‍ 70,000 രൂപ മാത്രമാണ് മുനീര്‍ തിരികെ നല്‍കിയത്. ബാക്കി തുക ചോദിച്ചെങ്കിലും ഇയാള്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.

ഈ മാസം അഞ്ചാം തിയ്യതി മറ്റ് രണ്ട് പേരുടെ സാന്നിധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഡിസംബര്‍ 20-നകം ബാക്കി പണം നല്‍കാമെന്ന് മുനീര്‍ എഴുതി ഒപ്പിട്ട് നല്‍കിയെന്നും പിതാവ് പറഞ്ഞു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മുനീർ നിഷേധിച്ചു.