ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തും, പകര്‍ച്ചപ്പനിക്കെതിരെ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. ഡെങ്കിപ്പനിക്കെതിരെയും എലിപ്പനിക്കെതിരെയും അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാരും കൂട്ടായി രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുക് ഉറവിട നശീകരണം പ്രവര്‍ത്തനങ്ങള്‍ നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.

ജനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധചെലുത്തണം എന്നും അദ്ദേഹം പറഞ്ഞു. വെള്ളം കെട്ടിനിര്‍ത്താതെ നോക്കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിര്‍ത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രെയിലും മറ്റും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരുത്തരുത്. തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.