മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നത്, സമൂഹത്തില്‍ പലര്‍ക്കും വല്ലാത്ത ആര്‍ത്തിയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം. അഴിമതിയിലേക്ക് നയിക്കുന്നത് മനുഷ്യന്റെ ആര്‍ത്തിയാണെന്നും സമൂഹത്തില്‍ പലര്‍ക്കും വല്ലാത്ത ആര്‍ത്തിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉള്ളത് പോര കൂടുതല്‍ വരുമാനം വേണമെന്ന് ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സഹകരണ മേഖല വലിയതോതില്‍ കരുത്താര്‍ജ്ജിച്ചപ്പോള്‍ ദുഷിച്ച ചില പ്രവണതകളും ഉണ്ടാകുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന സഹകരണ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാല്‍ അത് ആ സ്ഥാപനത്തെ മാത്രമല്ല, കേരളത്തിന്റെ സഹകരണ മേഖലയുടെ വിശ്വാസത്തെ കൂടെയാണ് ബാധിക്കുന്നത്. സഹകരണ മേഖലയില്‍ എല്ലാ കാര്യങ്ങളും കൂട്ടായി നടക്കുന്നത് കൊണ്ട് വ്യക്തിപരമായി അഴിമതി നടത്താന്‍ സാധിക്കില്ല.

എന്നാല്‍ കുറേക്കാലം തുടരുമ്പോള്‍ ചിലര്‍ ഈ ദുഷിച്ച പ്രവണതയ്ക്ക് ഇരയാവുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവിഴ്ചയും സര്‍ക്കാരിന്റെയോ വകുപ്പിന്റെയോ ഭാഗത്ത് നിന്നും ഉണ്ടാകില്ല. കര്‍ശനമായ നടപടി സ്വീകരിക്കും. കേരളത്തില്‍ സഹകരണ മേഖലയുടെ വളര്‍ച്ച ശക്തമാണ്. പലതരത്തിലുള്ള തെറ്റിദ്ധാരണകളാണ് അവരെ നയിക്കുന്നത്.