മകരവിളക്ക് ഉത്സവത്തിന് സമാപനം, ശബരിമല ക്ഷേത്രനട അടച്ചു

മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. രാവിലെ അഞ്ചിന് ശ്രീകോവിൽ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാ ഗണപതി ഹോമം നടന്നു. പിന്നീട് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്ര തിരിച്ചു. ശേഷം പന്തളം കൊട്ടാരം പ്രതിനിധികൾ ദർശനം നടത്തി. തിരുവാഭരണ സംഘം 24 ന് പന്തളം കൊട്ടാരത്തിൽ എത്തിച്ചേരും. രാവിലെ 6:30 ന് ഭസ്മാഭിഷേകത്തിനുശേഷം ഹരിവരാസനം പാടി നടയടച്ചു.

അതേസമയം, ഇത്തവണത്തെ ശബരിമല മകരവിളക്ക് മഹോത്സവം ഭംഗിയായി നടത്തുവാൻ സാധിച്ചതായി ശബരിമല മേൽശാന്തി പി.എ൯ മഹേഷ് നമ്പൂതിരി വ്യക്തമാക്കിയിരുന്നു .ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗമെന്തെന്ന് ഓ൪മ്മപ്പെടുത്തുകയാണ് ഓരോ ഉത്സവങ്ങളുടെയും പ്രധന ഉദ്ദേശ്യമെന്ന് മേൽശാന്തി പി.എ൯. മഹേഷ് നമ്പൂതിരി കർമ്മ ന്യൂസിനോട് പറഞ്ഞു. 41 ദിവസത്തെ മണ്ഡലകാലം പൂർത്തിയാക്കി മകരവിളക്ക് ഉത്സവവും നടന്നു. എല്ലാ വർഷത്തെയും പോലെ ആചാരങ്ങളും ചടങ്ങുകളും നടത്തി. ഭക്തരെ സംബന്ധിച്ചിടത്തോളം മകരവിളക്ക് ദർശിക്കുക എന്നാൽ വലിയ അനുഭൂതിയാണെന്നും അദ്ദേഹം പറഞ്ഞു