ഭീകരരെ ചൈന സംരക്ഷിക്കുന്നു, ഭീകരവാദത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്ത് ഐക്യരാഷ്‌ട്രസഭ ജനറൽ സെക്രട്ടറി

ന്യൂഡൽഹി. ഭീകരവാദത്തിനെതിരെ പോരാടാൻ ഐക്യരാഷ്‌ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസിന്റെ ആഹ്വാനം. തീവ്രവാദത്തെ സമ്പൂർണ തിന്മയെന്നാണ് യുഎൻ ജനറൽ സെക്രട്ടറി ഗുജറാത്തിലെ ഒരു പരിപാടിയെ അഭിസംബോധന ചെയ്യവേ പറഞ്ഞത്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവ് ഹാഫിസ് തൽഹ സയീദിനെ കരിമ്പട്ടികയിൽ പെടുത്താനും ആഗോള ഭീകരനായി പ്രഖ്യാപിക്കാനുമുള്ള ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത നിർദ്ദേശം ചൈന തടഞ്ഞതിന് പിന്നാലെയാണ് യുഎൻ സെക്രട്ടറിയുടെ ഈ ആഹ്വാനം.

ഭീകരവാദത്തെ പ്രതിരോധിക്കാൻ ആഗോള സഹകരണം ആവശ്യമാണെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരെ അനുകൂലിക്കാനാകില്ലെന്നും യുഎൻ സെക്രട്ടറി ഗുജറാത്തിൽ പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പോരാടുന്നത് ആഗോള മുൻഗണന നൽകണമെന്നും തീവ്രവാദികളെയും അവരുടെ പ്രവർത്തനങ്ങളെയും തുടച്ചുനീക്കുന്നതിനാകണം പ്രഥമ പരിഗണനയെന്നും യുഎൻ ജനറൽ സെക്രട്ടറി പറഞ്ഞു.
2008-ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ മരിച്ചവർ ലോകത്തിന്റെ നായകന്മാരാണെന്നു അവർക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഗുട്ടറെസ് വ്യക്തമാക്കി. 166 പേർക്കാണ് ഗുട്ടറെസ് ആദരാഞ്ജലി അർപ്പിച്ചത്.

166 പേരുടെ മരണത്തിന് കാരണകാരായ ഭീകര സംഘടനെയെയും അതിന്റെ തലവനെയുമാണ് ചൈന സംരക്ഷിക്കുന്നത്. ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഹാഫിസ് സയീദിന്റെ മകനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെയാണ് ചൈന വിസമ്മതിച്ചത്. ചൈന ഇതിന് മുൻപും പാക് ഭീകരതയെ അനുകൂലിച്ചിട്ടുണ്ട്.

2009, 2016, 2017 വർഷങ്ങളിൽ ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നിർദേശവും ചൈന തടയുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനും പാകിസ്ഥാൻ ഭീകരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ കരിമ്പട്ടികയിൽ പെടുത്തുന്നതും ലഷ്‌കർ ഇ-ത്വയ്ബ ഭീകരരായ സാജിദ് മിർ, ഷാഹിദ് മഹ്മൂദ് എന്നിവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതും ചൈന തടയുകയായിരുന്നു.