തിരുവനന്തപുരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ച് കടയുടമ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം. ചിപ്‌സ് കടയ്ക്ക് തീപിടിച്ച് തിരുവനന്തപുരം കൈതമുക്കില്‍ ഒരാള്‍ മരിച്ചു. തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 81കാരനായ കട ഉടമ അപ്പു ആചാരിയാണ് മരിച്ചത്. തീപിടുത്തത്തില്‍ കട പൂര്‍ണമായും കത്തി നശിച്ചു.

അപകടത്തില്‍ മരിച്ച കട ഉടമ അപ്പു ആചാരിയുടെ മകനും കടയിലെ ജീവനക്കാരനുമാണ് പൊള്ളലേറ്റത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കടയിലെ ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.

തീപിടുത്തത്തെ തുടര്‍ന്ന് സമീപ കടകളിലേക്കും തീ പടര്‍ന്നിരുന്നു. അപകടത്തില്‍ രണ്ട് കടകള്‍ ഭാഗികമായി കത്തി നശിച്ചു. കടയില്‍ അപകടം സംഭവിക്കുമ്പോള്‍ എട്ട് ഗ്യാസ് കുറ്റികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം പൊട്ടിത്തെറിച്ചു.