നിയമസഭയിൽ വീരവാദം ; പഴയ വിജയൻ ആയിരുന്നങ്കിൽ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി ; പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്ന് പാത്രീപക്ഷ നേതാവ്

തിരുവനന്തപുരം : നിയമസഭയിൽ നേർക്കുനേർഏറ്റുമുട്ടി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. സംസ്ഥാന ബജറ്റിലെ ഇന്ധന സെസിനെതിരായ സമരത്തെ പോലീസ് അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് മുഖ്യമന്ത്രി തന്റെ പഴ കാലത്തെ അനുസ്‌മരിച്ച് വീരവാദം നടത്തിയത്.

‘മുഖ്യമന്ത്രി വീട്ടില്‍ത്തന്നെ ഇരിക്കേണ്ടിവരും. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പഴയ വിജയനാണെങ്കില്‍ പണ്ടേ ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ടാകും. അത് അല്ലല്ലോ. സുധാകരനോട് ചോദിച്ചാല്‍ മതി’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇതൊന്നുമില്ലാത്ത കാലത്ത്, താൻ ഈ ഒറ്റത്തടിയായിട്ട് നടന്നിട്ടുണ്ടെന്നും പിണറായി വിജയൻ അവകാശപ്പെട്ടു.

മുഖ്യമന്ത്രിക്ക് അതേഭാഷയില്‍ വി.ഡി. സതീശനും മറുപടി പറഞ്ഞു. ‘മുഖ്യമന്ത്രി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നു പറഞ്ഞു. എന്താണ് കാരണം? മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ഈ നാട്ടിലാര്‍ക്കും റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. പഴയ വിജയനാണെങ്കില്‍ മറുപടി പറഞ്ഞേനെ എന്ന് അങ്ങ് പറഞ്ഞു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞങ്ങള്‍ക്ക് പറയാനുള്ളത്, ഞങ്ങള്‍ക്ക് പഴയ വിജയനെയും പേടിയില്ല. പുതിയ വിജയനെയും പേടിയില്ല. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങള്‍ കഴിയുന്നത്’, സതീശന്‍ പറഞ്ഞു.