കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാതെ കേന്ദ്രബജറ്റ്, മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാതെയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീവണ്ടി, റെയിൽ സർവ്വേ, ശബരിപാത , പാത ഇരട്ടിപ്പിക്കൽ തുടങ്ങി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടില്ല. 2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും ആവശ്യം സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നു.

കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. കഴിഞ്ഞ വർഷം നീക്കിവെച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചിലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്‌സ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി – പട്ടികവർഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തിൽ ഇതാണ് അവസ്ഥ. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, തുടങ്ങിയവയ്ക്കായുള്ള ചിലവാക്കൽ കുറച്ചിരിക്കുകയാണ്. തൊഴിൽ വർധിപ്പിക്കൽ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്.

റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യവും പരി​ഗണിച്ചിട്ടില്ല.
പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും. സ്വയം തൊഴിലിന് കോർപ്പസ് ഫണ്ട് എന്നതിൽ ഇതാണു തെളിയുന്നതെന്നും’ മുഖ്യമന്ത്രി പറഞ്ഞു.