ഇഡിയ്ക്ക് മുമ്പില്‍ തീരെ വയ്യ; പാവം രവീന്ദ്രന്‍ ഫ്‌ളാറ്റിലേക്ക് പോയത് രണ്ടു പടവുകള്‍ വീതം ചാടിക്കയറി

പര സഹായം ഇല്ലാതെ എഴുനേറ്റ് നില്ക്കാൻ പറ്റാതിരുന്ന സി എം രവീന്ദ്രൻ ഡിസ്ചാർജ് ചെയ്ത് സ്വന്തം ഫ്ളാറ്റിലേക്ക് കയറിയത് സ്റ്റെപ്പുകൾ ചാടി ഓടി കേറി.
എഴുന്നേറ്റു നില്‍ക്കാന്‍ വയ്യാത്തവിധം ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ നിന്നും രണ്ടാഴ്ചത്തെ സാവകാശം ചോദിച്ച സി എം രവീന്ദ്രന്റെ രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാനൊരുങ്ങി ഇ ഡി. അന്വേഷണ സംഘത്തെ രവീന്ദ്രന്‍ പറ്റിക്കുകയാണോയെന്ന സംശയം നിലനില്‍ക്കേ ഇന്നലെ അദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി ജവഹര്‍ നഗറിലെ ഫ്‌ളാറ്റിലെത്തി.

എഴുന്നേറ്റ് നടക്കാന്‍ കഴിയില്ലെന്നാണ് രവീന്ദ്രന്‍ ഇ ഡിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. എന്നാല്‍, ഡിസ്ചാര്‍ജ് ആയി ഫ്‌ളാറ്റിലെത്തിയ രവീന്ദ്രന്റെ നീക്കം ഏവരേയും അമ്ബരപ്പിക്കുന്നതായിരുന്നു. കഴുത്തിനു കോളറുമായി പരസഹായമില്ലാതെ വേഗത്തില്‍ കാറില്‍ നിന്നിറങ്ങി, രണ്ടു പടവുകള്‍ വീതം ചാടിക്കയറിയാണ് അദ്ദേഹം മുകള്‍ നിലയിലേക്ക് പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ രോഗരഹസ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യാതോരു സംശയവുമില്ല. രവീന്ദ്രനില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് തുറന്നു പറയുകയും ചെയ്തു അദ്ദേഹം. ഗുരുതര രോഗമില്ലാതെ അഡ്മിറ്റാക്കിയെങ്കില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഇ ഡി അറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു ഡിസ്ചാര്‍ജ്. മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നല്‍കാന്‍ ഇ ഡി തയ്യാറാകും. അപ്പോഴും ഹാജരാകാന്‍ തയ്യാറായില്ലെങ്കില്‍ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത.