പോലീസ് സ്‌റ്റേഷനിൽ കയറി CPM പ്രാദേശിക നേതാക്കളുടെ ഗുണ്ടായിസം ; അകത്തായ നേതാവിനെ വിടാൻ ഭീഷണി

തിരുവനന്തപുരം : പോലീസ് സ്‌റ്റേഷനിൽ കയറി ഗുണ്ടായിസം കാട്ടി CPM പ്രാദേശിക നേതാക്കൾ. തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. തട്ടുകടയില്‍ കറിയുടെ അളവ് കുറഞ്ഞതിന്റെ പേരിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ എന്ന ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യവുമായാണ് മറ്റ് നേതാക്കൾ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് സ്റ്റേഷന് മുന്നിൽ ഗുണ്ടായിസം കാട്ടുകയായിരുന്നു.

സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രതീഷ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പാറാവുകാരന്‍ ഉള്‍പ്പെടെയുള്ള പോലീസുകാരെ സംഘം അസഭ്യം പറഞ്ഞതായും പോലീസ് പറയുന്നു. നേതാക്കള്‍ പോലീസുകാരോട് തട്ടിക്കയറുന്ന വീഡിയോയും പുറത്തായി. തട്ടുകടയിലുണ്ടായ പ്രശ്നത്തിൽ ആദ്യം ഉടമ പരാതിപ്പെട്ടിരുന്നു.

എന്നാൽ പിന്നീട് പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. പരാതിയില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉണ്ണിക്കൃഷ്ണനെ പോലീസ് വിട്ടയച്ചിരുന്നു. എന്നാൽ സ്റ്റേഷനിൽ എത്തി അതിക്രമം കാട്ടിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു.