ഒപ്പനയില്‍ ഒന്നാം സ്ഥാനം, കലോത്സവം തീരും മുമ്പേ അമേയയെ മരണം തട്ടിയെടുത്തു

കാലടി : കലോത്സവത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒപ്പനയ്ക്ക് ചുവട് വയ്ക്കുമ്പോള്‍ തന്റെ പിന്നാലെ കൂടിയ മരണത്തെ അമേയ അറിഞ്ഞിട്ടുണ്ടാകില്ല. വെള്ളിയാഴ്ച ഒപ്പനയ്ക്ക് വേണ്ടി ചമയമിട്ട് ഒരുങ്ങുമ്പോള്‍ ഇനി ഒരു കലോത്സവത്തിന് ചമയം ഇടേണ്ടി വരില്ലെന്നും അവള്‍ ചിന്തിച്ച് കാണില്ല. പാതിരാത്രിയില്‍ മരണം അമേയയെും തട്ടിയെടുത്ത് പറന്നകന്നു. കലോത്സവം അവസാനിക്കുന്നതിന് മുമ്പേ സഹപാഠികളായ എട്ട് പേര്‍ക്കൊപ്പം വടകരയ്ക്ക് പോകവെയാണ് അപകടത്തില്‍ അമേയ മരിക്കുന്നത്.

രാത്രി 11 മണിയോടെയാണ് സംഭവം. പയ്യന്നൂര്‍ കോളജില്‍ സംസ്‌കൃതം അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ അമേയ സുഹൃത്തുക്കള്‍ക്കൊപ്പം കാലടി സംസകൃത സര്‍വകലാശാലയില്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്. അങ്കമാലി ടൗണില്‍ കൂടി നടക്കവെ അമിത വേഗതയില്‍ എത്തിയ വാഹനം അമേയ അടക്കമുള്ളവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന എട്ട് പേരില്‍ രണ്ട് പേര്‍ക്ക് പരുക്ക് പറ്റി. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. പരുക്ക് ഗുരുതരമല്ല. അമേയയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വടകരയിലുള്ള വീട്ടില്‍ സംസ്‌കരിച്ചു.

വെള്ളിയാഴ്ച കലോത്സവ വേദിയിയില്‍ പയ്യന്നൂര്‍ സെന്റര്‍ അവതരിപ്പിച്ച ഒപ്പന ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പത്ത് പേര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഒപ്പനയില്‍ അംഗമായിരുന്നു അമേയ. മാര്‍ഗ്ഗംകളി ടീമിലും അംഗമായിരുന്നു. ഒപ്പനക്ക് ഒന്നാം സ്ഥാനവും, മാര്‍ഗ്ഗംകളിക്ക് രണ്ടാ സ്ഥാനവും ലഭിച്ചിരുന്നു. വടകര പാണ്ടിപറമ്പത്ത് വീട്ടീല്‍ പ്രകാശിന്റെയും ബിന്ദുവിന്റെയും മകളാണ് .സഹോദരന്‍ അതുല്‍.