എം.വി ഗോവിന്ദൻ ഗൂഢാലോചന നടത്തി, ഡി.ജി.പിക്ക് പായിച്ചിറ നവാസിന്റെ പരാതി

വ്യാജ പോക്സോ കേസ് ഉണ്ടാക്കാൻ ഗൂഢാലോചന നടത്തി എന്ന് കാണിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ ഡി ജി പിക്ക് പരാതി. കെപിസിസി പ്രസിഡണ്ട് കെ സുധാകരന് മോൺസൺ മാവുങ്കൾ പ്രതിയായ പീഡനക്കേസിൽ പങ്കുണ്ടെന്ന പൊതുമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രസ്താവന നടത്തിയതിനെതിരേ പൊതു പ്രവർത്തകൻ പായിച്ചിറ നവാസാണ്‌ പരാതി നല്കിയത്.

കെ സുധാകരൻ ഇതേ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ്‌ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചത് എന്ന പ്രസ്ഥാവനയാണ്‌ എം വി ഗോവിന്ദനെതിരെയുള്ള പരാതിക്ക് ആധാരം. പോലീസിനെ ഉപയോഗിച്ച് വ്യാജ പോക്സോ കേസ് ഉണ്ടാക്കാൻ ഭരണ കക്ഷിയായ പാർട്ടിയുടെ ഏറ്റവും ഉന്നത നേതാവ് ചെയ്യുന്ന ഗൂഢാലോചനയാണ്‌ എന്നും ഗൂഢാലോചന ചുമത്തി എം വി ഗോവിന്ദനെതിരേ കേസെടുക്കണം എന്നുമാണ്‌ പരാതിക്കാരന്റെ ഹരജിയിൽ ഉള്ളത്. പരാതിയുടെ പൂർണ്ണ രൂപം ഇങ്ങിനെ..

എതിർകക്ഷി ഇന്ന് രാവിലെ (18-06-2023) പത്ര ദൃശ്യ മാധ്യമങ്ങൾക്ക് മുന്നിൽ വളരെ ഗുരുതരമായ ഒരു പ്രസ്താവന ഉത്തമ ബോധ്യത്തോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ നടത്തുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തിട്ടുണ്ട്. ഏറെ വിവാദവും കോളിളക്കം സൃഷ്ടിച്ചതും, ഇന്നലെ കോടതിവിധിയിലൂടെ ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്ത മോൺസൺ മാവുകങ്കൾ ഒന്നാം പ്രതിയായ പോക്സോ വകുപ്പിൽപ്പെട്ട പീഡനക്കേസിലാണ് കലാപാഹ്വാനത്തിന് നേതൃത്വം നൽകുന്ന തരത്തിലുള്ള എതിർകക്ഷിയുടെ പ്രസ്താവന ഇപ്രകാരമാണ്.

“പോക്സോ വിധിയുടെ ഭാഗമായിട്ടാണ്, ആ പോസ്കോ പെൺകുട്ടി തന്നെ പറഞ്ഞിട്ടുണ്ട്, എന്നെ ഇത്തരത്തിൽ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നു എന്ന്. ഇപ്പോൾ ക്രൈം ബ്രാഞ്ച് പറഞ്ഞത് പോക്സോ കേസുമായി ബന്ധപ്പെട്ടും കെ സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ്. അവിടെയുള്ള….. സുധാകരൻ അവിടെ ഉള്ളപ്പോഴാണ് എന്നെ പീഡിപ്പിച്ചത് എന്ന് പറയുന്ന ഒരു അവസ്ഥ, ആ കേസാണ് ശിക്ഷിച്ചത്. സ്വാഭാവികമായിട്ടും കേസിൽ രണ്ടാം പ്രതി ആയിട്ടുള്ള സുധാകരൻ വേറെ എന്തൊക്കെ വിശദീകരണം നൽകിയിട്ട് എന്താ കാര്യം ഉള്ളത് ?

വളരെ ഗൗരവമായ അവസ്ഥയിലേക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന് കാണാൻ കഴിയും. പ്രധാനമായിട്ടും കേസെടുത്തത് ഈ മോൺസിനുമായി ബന്ധപ്പെട്ട കേസ് ആണ്. ആ കേസിന്റെ ഭാഗമായിട്ട് കൊടുത്ത മൊഴിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ പുറത്തുവന്ന വിവരം. ആ വിവരം അനുസരിച്ച് ക്രൈംബ്രാഞ്ച് ഇപ്പോൾ തന്നെ പറഞ്ഞിട്ടുണ്ട് ആധികാരികമായി ചോദ്യം ചെയ്യൽ നടത്തുമെന്ന്. എത്ര ശരിയായ രീതിയിലാണ് ഇടപെട്ടത് ? എങ്ങനെയാ ഇത്ര ശക്തിയായ ഒരു കേസിന്റെ വിധി വന്നത് ? അപ്പോൾ നല്ല രീതിയിലാണ് അത് നടന്നുകൊണ്ടിരിക്കുന്നത്. പ്രതി പട്ടികയിൽ ചേർക്കണോ ചേർക്കേണ്ട എന്ന് നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന വിവരം വെച്ചിട്ട് ഞങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു അത്രതന്നെ……. ഒരാളുടെ പേരിലും പ്രത്യേകമായി കേസെടുക്കണമെന്ന ഒരു തെറ്റായ ധാരണയും ഞങ്ങൾക്ക് ഇല്ല. ആരാണോ കുറ്റം ചെയ്തത് കുറ്റം ചെയ്തവരുടെ പേരിൽ കേസെടുക്കണം, അതിന് യാതൊരു വിട്ടുവീഴ്ചയുമില്ല”

ഇങ്ങനെയാണ് 30-ലധികം ദൃശ്യ പത്ര മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ കൃത്യമായും ഉത്തമ ബോധ്യത്തോടെ എന്ന തരത്തിൽ എതികക്ഷി എം.വി ഗോവിന്ദൻ കുറ്റകരമായ വെളിപ്പെടുത്തൽ നടത്തിയത്. ഇത്തരത്തിലുള്ള ബോധപൂർവ്വമുള്ള തെറ്റായ പ്രസ്താവനകൾ കലാപഹ്വാനമുണ്ടാക്കുന്നതിനും, നാട്ടിലെ ക്രമസമാധാനം ഇല്ലാതാക്കുന്നതിനും, രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതിനും, നിയമവ്യവ സ്ഥകളെയും, കോടതികളെയും വെല്ലുവിളിക്കുന്നതാണ്.

സമക്ഷത്തിൽ നിന്നും ഗൗരവമായ പരാതിയിൻമേൽ അടിയന്തരമായി എഫ്.ഐ. ആർ രജിസ്റ്റർ ചെയ്ത്, തിരുവനന്തപുരത്തെ എല്ലാ മാധ്യമങ്ങളുടെയും ബ്യൂറോ ചീഫ്മാരെ ഈ കേസിൽ പ്രധാന സാക്ഷികൾ ആക്കി നിയമ നടപടികൾ സ്വീകരിക്കണം. പരാതിയിൽ സ്വീകരിക്കുന്ന മേൽ നടപടികൾ പരാതിക്കാരനെ രേഖാമൂലം അറിയിക്കണം.