ഏക വ്യക്തിനിയമത്തിൽ കോൺഗ്രസിന് പല നിലപാട്, ലീഗുമായി തൊട്ടുകൂടായ്മയില്ലെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം : ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുസ്‍ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്മയുമില്ലെന്നും ഏക വ്യക്തിനിയമ വിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുമെന്ന് ഗോവിന്ദൻ വ്യക്തമാക്കി. യുസിസിയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചത് പ്രശ്‌നാധിഷ്ഠിത ക്ഷണമായാണ്. അത് രാഷ്‌ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഏക വ്യക്തി നിയമത്തിൽ കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലപാടുകളാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അതേസമയം സിപിഎമ്മിന്റെ ക്ഷണത്തെ ചൊല്ലി ലീഗിൽ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. സിപിഎമ്മിന്റെ യുസിസി സെമിനാറിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.

സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യം യുഡിഎഫിൽ ചർച്ച ചെയ്ത് സംസാരിക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കി. യുസിസി വിഷയത്തിലുള്ള സിപിഎമ്മിന്റെ എതിർപ്പ് ആത്മാർത്ഥമാകണമെന്നും മറ്റ് അജണ്ടകൾ പാടില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

‘‘മുസ്‍ലിം ലീഗിനെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് വളരെ വ്യക്തമായി പറഞ്ഞല്ലോ. ഞങ്ങൾക്ക് ലീഗിനോട് ഒരു തൊട്ടുകൂടായ്മയുമില്ല. ലീഗ് കൈക്കൊള്ളുന്ന ഏതൊരു ശരിയായ നിലപാടിനെയും ഞങ്ങൾ മുൻപും പിന്തുണച്ചിട്ടുണ്ട്, ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ട്, ഇനിയും പിന്തുണയ്ക്കും. മുന്നണിയിലേക്കു വരണോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് ഞാനല്ല.  അപ്പുറത്തെ മുന്നണിയിൽ നിൽക്കുന്ന ഒരു പാർട്ടിയെ സംബന്ധിച്ച് ഇപ്പുറത്തു നിൽക്കുന്ന ഞാനാണോ പറയേണ്ടത്? അത് അവർ കൈക്കൊള്ളേണ്ട തീരുമാനമാണ്. രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.