ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവം; വൈറ്റില സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കൊച്ചി: നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്തതുമായി ബന്ധപ്പെട്ട് ഒരു കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈറ്റില സ്വദേശി ജോസഫാണ് കസ്റ്റഡിയിലായത്. ഇയാളുടെ കൈക്ക് പരിക്കേറ്റിരുന്നു.

ഇന്നലെ വൈറ്റില- ഇടപ്പളളി ദേശീയ പാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരം ചോദ്യം ചെയ്തതിനെ തുടർന്നാണ് ജോജു ജോർജ്ജിന് നേരെയും വാഹനത്തിന് നേരെയും അക്രമം ഉണ്ടായത്. വൈറ്റില ഫ്‌ളൈ ഓവറിന് സമീപമായിരുന്നു ഗതാഗതം തടസപ്പെടുത്തിക്കൊണ്ടുളള സമരം. വാഹനം റോഡിൽ കുടങ്ങിയതോടെ മറ്റ് യാത്രക്കാർക്കൊപ്പം ജോജു ജോർജ്ജും സമരത്തെ ചോദ്യം ചെയ്യുകയായിരുന്നു.

കല്ലുകൊണ്ട് വാഹനത്തിന്റെ പിന്നിലെ ചില്ല് തകർക്കുകയും വാഹനത്തിന് കേടുപാടുണ്ടാക്കുകയും ചെയ്യുകയായിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടാക്കിയത്. മുൻ മേയർ ടോണി ചമ്മിണി അടക്കമുളളവർക്കെതിരെയാണ് ജോജുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്.

പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.