ഉപതിരഞ്ഞെടുപ്പ്; ശക്തി കേന്ദ്രത്തില്‍ ബിജെപിയെ മലര്‍ത്തിയടിച്ച്‌ കോണ്‍ഗ്രസ്; 2 സീറ്റിലും വിജയം

ജയ്പൂര്‍; നിയമസഭ ,ലോക്സഭ ഉപതിരഞ്ഞെടുപ്പുകളില്‍ മിന്നും മുന്നേറ്റവുമായി കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലെ മൂന്ന് നിയമസഭ സീറ്റിലും ഒരു ലോക്സഭ സീറ്റിലും കോണ്‍ഗ്രസ് ആണ് മുന്നേറുന്നത്. കര്‍ണാടകത്തില്‍ ഒരു സീറ്റില്‍ പാര്‍ട്ടി വിജയിച്ചു. ഇപ്പോഴിതാ ഭരിക്കുന്ന രാജസ്ഥാനിലും കൂറ്റന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയിരിക്കുന്നത്.

സംസ്ഥാനത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാര തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുന്നതിനിടയിലാണ് ഇവിടെ നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുതലെടുത്ത് മണ്ഡലങ്ങളില്‍ വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബി ജെ പി. എന്നാല്‍ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് കാലിടറുന്നതാണ് കാഴ്ച.

ദക്ഷിണ രാജസ്ഥാനിലെ മേവാര്‍ മേഖലയിലെ വല്ലഭനഗര്‍, ധരിവാഡ് എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലാണ് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്നത്. വല്ലഭ്‌നഗര്‍ എം എല്‍ എ ഗജേന്ദ്ര സിംഗ് ശക്താവത്തിന്റേയും ധരിയവാഡ് എംഎല്‍എ ഗൗതം ലാല്‍ മീണയുടേയും മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ധരിവാഡ് ബി ജെ പിയുടെ സിറ്റിംഗ് സീറ്റും ശക്തി കേന്ദ്രവുമാണ്. ഇവിടെ വന്‍ വിജയമാണ് ഇക്കുറി കോണ്‍ഗ്രസ് നേടിയത്. കോണ്‍ഗ്രസിന്റെ നാഗ്‌രാജ് മീന 69,703 വോട്ടുകളാണ് നേടിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധരിയവാഡില്‍ല്‍ നാഗ്രാജ് മീണയെ പരാജയപ്പെടുത്തിയായിരുന്നു ബിജെപി നേതാവായ ഗൗതം ലാല്‍ മീണ മണ്ഡലം പിടിച്ചെടുത്തത്. അന്ന് 23,842 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗൗതം മീണയുടെ വിജയം.

ഇത്തവണ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് മാത്രമേ ബി ജെ പിക്ക് ലഭിച്ചുള്ളൂ. സ്വതന്ത്ര സ്ഥാനാര്‍ഥി തവര്‍ചന്ദാണ് ഇവിടെ രണ്ടാം സ്ഥാനം നേടിയത്. ബി ജെ പി സ്ഥാനാര്‍ഥി ഖേദ് സിങ് മീനയക്ക് 46,415 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മണ്ഡലത്തില്‍ ഗൗംതം മീണയുടെ മകന്‍ കന്‍ഹയ്യ മീണ നേരത്തേ ഇവിടെ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി ജെ പി സീറ്റ് നല്‍കിയില്ല. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കനയ്യ പത്രിക സമര്‍പ്പിച്ചെങ്കിലും പിന്നീട് ബി ജെ പി നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു.അതേസമയം മറ്റൊരു മണ്ഡലമായ വല്ലഭ്നഗറില്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നേറുന്നത്.

ഗജേന്ദ്ര ശിഖാവത്തിന്റെ ഭാര്യ പ്രീതി ശിഖാവത്താണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 20,400 ഓളം വോട്ടുകള്‍ക്ക് പ്രീതി ശിഖാവത്ത് ആണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. ആര്‍ എല്‍ പി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മുന്നേറുന്നത്. ബി ജെ പി നാലാം സ്ഥാനത്താണ് ഉള്ളത്. സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനയാ നേതാവായിരുന്നു ഗജേന്ദ്ര ശിഖാവത്ത്.

തര്‍ക്കങ്ങള്‍ക്കിടയിലും ഉപതിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായിട്ടായിരുന്നു സച്ചിന്‍-ഗെഹ്ലോട്ട് ക്യാമ്ബുകള്‍ പ്രചരണം നടത്തിയത്. അതേസമയം ഉപതിരഞ്ഞെടുപ്പ് വിജയം തങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുകയാണെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആയിരുന്നു വിജയിച്ചത്. ആകെയുള്ള 49 ജില്ലാ പരിഷദുകളില്‍ 24 ലും കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. 492 പഞ്ചായത്ത് സമിതികളില്‍ 208 സീറ്റ് നേടാനും പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു.