‘കരാറുകാരൻ നേരിടുന്ന ബുദ്ധിമുട്ടുകൾ അക്കമിട്ടു നിരത്തുന്ന പരസ്യബോർഡുകൾ സ്ഥാപിച്ചു’; മന്ത്രിക്കെതിരെ പ്രതിഷേധവുമായി കോൺട്രാക്ടർമാർ

പൊതുമരാമത്ത് മന്ത്രിക്കെതിരെ പ്രതിഷേധവുമായി കോൺട്രാക്ടർമാർ. റോഡുകൾ പണിയുന്ന കരാറുകാരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെ കരാറുകാരുടെ ബുദ്ധിമുട്ടുകൾ വിവരിക്കുന്ന ബോർഡ് പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ സ്ഥാപിച്ചായിരുന്നു പ്രതിഷേധം.

പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ എതിർക്കുന്നില്ല, എന്നാൽ കരാർ എടുക്കുമ്പോൾ മുതൽ പണി തീർക്കുന്നത് വരെ കരാറുകാരൻ നേരിടുന്ന ബുദ്ധിമുട്ടുകൾ കൂടി അറിയിക്കാനാണ് ഓരോ കാര്യങ്ങൾ അക്കമിട്ടു നിരത്തുന്ന പരസ്യബോർഡുകൾ സ്ഥാപിച്ചതെന്ന് കാസർഗോഡ് ഗവൺമെൻറ് കോൺട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപന സമിതി പറയുന്നത്.

രാഷ്ട്രീയ പാർട്ടികൾ ഭീഷണിപ്പെടുത്തിയും അല്ലാതെയും വാങ്ങുന്ന പിരിവ് തുക, ഉദ്ഘാടനത്തിന് പോലും കരാറുകാരന്റെ കീശയിൽ നിന്ന് ചെലവാകുന്ന പണം എന്നിങ്ങനെയുള്ള വില വിവര പട്ടികയാണ് ബോർഡിൽ ഉള്ളത്. നല്ല ഉദ്ദേശത്തോടെയുള്ള മന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകും. എന്നാൽ കരാറുകാരുടെ പ്രശ്നങ്ങൾ കൂടി കേൾക്കണം എന്നാണ് ഇവരുടെ ആവശ്യം.