എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, മലയോര മേഖലയിലേക്ക് രാത്രി സഞ്ചാരം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കണ്‍ട്രോല്‍ റൂം തുറന്നു. കനത്ത മഴ കണക്കിലെടുത്താണ് തീരുമാനം. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാ തല താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് വിവിധ വകുപ്പുകളെയും ദേശീയ ദുരന്ത പ്രതികരണ സേനയെയും ഉള്‍പ്പെടുത്തി എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നി ജില്ലകളില്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതേസമയം പത്തനംതിട്ടയില്‍ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു.

മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ നദികള്‍ മുറിച്ച് കടക്കുവാനോ കുളിക്കുവാനോ മീന്‍പിടിക്കുവാനോ നദികളില്‍ ഇറങ്ങരുതെന്നും അറിയിപ്പുണ്ട്. മലയോര മേഖലകളിലേക്ക് രാത്രി സഞ്ചാരം ഒഴിവാക്കുവാനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കടലാക്രമ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.