അടൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി സിപിഎമ്മില്‍ വിവാദം

പത്തനംതിട്ട. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി സിപിഎമ്മില്‍ വിവാദം. രണ്ടു വിജിലന്‍സ് കേസുകളില്‍ പ്രതിയായ വ്യക്തിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.

2010ല്‍ ഈ വ്യക്തി കൗണ്‍സിലറായിരുന്ന കാലത്തെ പ്രശ്‌നങ്ങള്‍ നിസാരമായി കാണാന്‍ കഴിയില്ലെന്നു കത്തില്‍ പറയുന്നു. മരിച്ചുപോയ സ്ത്രീയുടെ പേരില്‍ കള്ളപ്രമാണത്തില്‍ എഗ്രിമെന്റ് വച്ച് സ്വന്തം പേരില്‍ വാടക കരാര്‍ ചമച്ചു നഗരസഭ ലൈസന്‍സ് എടുത്ത സംഭവം അന്ന് വലിയ വിവാദമായിരുന്നു.

വിവിധ കോളനികളിലെ പട്ടികജാതിക്കാര്‍ക്കു കരഭൂമിക്കു പകരം പുതിയ വയല്‍ വാങ്ങി നല്‍കി പറ്റിച്ചു പണം തട്ടിയ സംഭവത്തിലാണു രണ്ടാമത്തെ വിജിലന്‍സ് കേസ്. പട്ടികജാതിക്കാരായ 16 േപര്‍ ഇപ്പോഴും ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. ഇയാളുടെ വീട്ടില്‍ നിന്നു നഗരസഭാ സെക്രട്ടറി, തഹസീല്‍ദാര്‍, വില്ലേജ് ഓഫിസര്‍, സപ്ലൈ ഓഫിസര്‍ തുടങ്ങിയവരുടെ സീലുകള്‍ റെയ്ഡില്‍ കണ്ടെടുത്തിരുന്നെങ്കിലും വ്യാജ രേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട കേസ് സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീര്‍ത്തു.

ഗുണഭോക്താക്കളുടെ വ്യാജ പട്ടിക നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതു തടഞ്ഞ ജീവനക്കാരിയെ മര്‍ദിച്ച സംഭവവുമുണ്ടായി. പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇടപെട്ട് ഇയാളെക്കൊണ്ടു ജീവനക്കാരിയോടു മാപ്പു പറയിച്ചാണു പ്രശ്‌നം അവസാനിപ്പിച്ചത്. ജില്ലയിലെ ഉന്നത നേതാവിന്റെ താല്‍പര്യപ്രകാരമാണു ഇത്രയും ദുഷ്‌പേരുള്ള ഒരാളെ നഗരസഭാ ചെയര്‍മാനാക്കാന്‍ നീക്കം നടക്കുന്നത്.

പ്രാദേശിക ഘടകത്തിന്റെയും പൊതുസമൂഹത്തിന്റെയും എതിര്‍പ്പുകള്‍ അവഗണിച്ചുള്ള ഏതു തീരുമാനവും പാര്‍ട്ടിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അടൂരിലും ജില്ലയിലുമുണ്ടാക്കുമെന്നു കത്തില്‍ പറയുന്നു. വിവാദ നായകന്‍ ചെയര്‍മാന്‍ ആകുമെന്നറിഞ്ഞതോടെ നഗരസഭയിലെ 15ല്‍ അധികം ജീവനക്കാര്‍ സ്ഥലമാറ്റ അപേക്ഷ നല്‍കിയെന്നും പറയുന്നു.