നിയമവിരുദ്ധമായി കോച്ചിനകത്ത് ഗ്യാസ് സിലിണ്ടർ എത്തിച്ച് പാചകം, ട്രെയിനിൽ തീ പടർന്നുപിടിച്ച് പത്ത് മരണം

മധുരയിൽ ട്രെയിൻ യാത്രികർ നിയമവിരുദ്ധമായി കോച്ചിനകത്തേക്കു കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ ഉപയോ​ഗിച്ച് പാചകം. തീ പടർന്നുപിടിച്ചത് വൻദുരന്തമായി. അ​​ഗ്നിബാധയിൽ പത്തുപേർ മരിച്ചു. പ്രൈവറ്റ് പാര്‍ട്ടി കോച്ചിനകത്തേക്ക് ആരും അറിയാതെ ഇവര്‍ സിലണ്ടര്‍ കയറ്റുകയായിരുന്നെന്ന് റെയില്‍വേ അറിയിച്ചു.

മധുര സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ദുരന്തമുണ്ടായത്.അഞ്ചേമുക്കാലോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഏഴേകാലോടെയാണ് തീ പൂര്‍ണമായും അണച്ചത്.

പുനലൂര്‍ – മധുര എക്‌സ്പ്രസില്‍നിന്നു വേര്‍പെടുത്തി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കോച്ച്. 65 യാത്രക്കാരാണ് കോച്ചില്‍ ഉണ്ടായിരുന്നത്. മധുരയില്‍നിന്നു ചെന്നൈയില്‍ എത്തിച്ച് തിരിച്ച് ലക്‌നൗവിലേക്കു പോവാനായിരുന്നു പ്ലാന്‍. ഐആര്‍സിടിസി പോര്‍ട്ടല്‍ വഴി ടൂറിസ്റ്റ് സംഘങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രൈവറ്റ് കോച്ചുകള്‍ ബുക്ക് ചെയ്യാം.

റെയില്‍വേ കോച്ചില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് അനുമതിയില്ല. അധികൃതര്‍ അറിയാതെ യാത്രക്കാര്‍ കോച്ചില്‍ എത്തിച്ചതാണ് അപകടത്തിനിടയാക്കിയ സിലിണ്ടര്‍. ഇവര്‍ ഇതുപയോഗിച്ച് ചായയും മറ്റും ഉണ്ടാക്കുകയായിരുന്നു. ഇതിനിടെ തീ പടരുകയായിരുന്നെന്ന് റെയില്‍വേ അറിയിച്ചു. തീ പടര്‍ന്നതോടെ കുറെപ്പേര്‍ പുറത്തേക്കു ചാടി. യാത്രക്കാരില്‍ നല്ലൊരു പങ്കും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നെന്ന് അറിയിപ്പില്‍ പറയുന്നു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.