കൊവിഡ് മരണസംഖ്യ കണക്കുകള്‍ തള്ളി കേന്ദ്രസർക്കാർ

ഡല്‍ഹി : ഇന്ത്യയിലെ കൊവിഡ് മരണസംഖ്യയെ കുറിച്ചുള്ള വിദേശ കണക്കുകള്‍ തള്ളി കേന്ദ്രസർക്കാർ. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത മരണസംഖ്യയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനയേ ഉണ്ടായിട്ടുള്ളുവെന്നാണ് സർക്കാര്‍ വാദം. ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്ത് കൊവിഡ് മരണക്കണക്കില്‍ അസാധാരണമായ ഉയർച്ച ഉണ്ടായിട്ടില്ലെന്നാണ് ആകെ മരണകണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്രം വ്യക്തമാക്കുന്നത്. 2019 ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 76 ലക്ഷം മരണമാണ്. ഇത് 2020 ല്‍ 81 ലക്ഷമായി. ആകെ ആറ് ശതമാനത്തിന്‍റെ വര്‍ധനയാണ് മഹാമാരി ആ‌ഞ്ഞടിച്ച് വര്‍ഷം ഇന്ത്യയിലുണ്ടായെന്നാണ് സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം കണക്കുകള്‍ സൂചിപ്പിക്കുന്നത്.