കൊവിഡ്; ടിപിആർ കുത്തനെ കൂടിയ പശ്ചാത്തലത്തിൽ കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ടിപിആർ കുത്തനെ കൂടിയ പശ്ചാത്തലത്തില്‍ പൊതുയോഗങ്ങൾ പാടില്ലെന്നും ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ലെന്നും ബീച്ചിൽ നിയന്ത്രണം നടപ്പിലാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കായി കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയർന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകൾ പതിനെട്ടായിരം കടന്നപ്പോൾ ഇന്നലത്തെ ടിപിആർ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയിൽ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആർ 36 ന് മുകളിലാണ്.

ആൾക്കൂട്ട നിയന്ത്രണം കർശനമാക്കുന്നതിനായി കൂടുതൽ സെക്ട്രൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ സ്‌കൂളിലെത്തി കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.സ്‌കൂളുകളിലെ വാക്‌സിനേഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.