രാജ്യത്ത് കോവിഡ് വര്‍ധിക്കുന്നു, മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രതിരോധ നടപടികളുമായി സംസ്ഥാനങ്ങള്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു. ഏത് സാഹചര്യവും നേരിടുവാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 10,11 തീയതികളില്‍ പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി എല്ലാ ആശുപത്രികളിലും മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗര്‍ഭിണികളും പ്രായമായവരും രോഗികളും പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

കേരളത്തിന് പുറമെ ഹരിയാനിലും പുതുച്ചേരിയിലുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. മാസ്‌ക് നിര്‍ദേശം നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങളും പഞ്ചായത്തും ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായി പുതുച്ചേരി ഭരണകൂടം അറിയിച്ചു.