കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കാൻ സാധ്യത

ഡല്‍ഹി: കോവിഡ് നാലാം തരംഗ ഭീഷണിക്കിടെ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കാൻ സാധ്യത. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഡല്‍ഹിയില്‍ ഇതുവരെ 18,68,550 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,160 പേര്‍ മരിച്ചു. ഏതാനും ആഴ്ചകളായി ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. യഥാക്രമം 325, 366, 461 കേസുകളാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ നേരത്തെ പ്രതിദിന കേസുകൾ 30-ൽ താഴെ എത്തിയിരുന്നു.

കോവിഡ് വ്യാപനം ആശങ്കയാവുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കര്‍ശനമാക്കാന്‍ ആലോചനയുള്ളതായി ഡല്‍ഹി ദുരന്തനിവാരണസേന അറിയിച്ചു. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാനായി ഏപ്രില്‍ 20-ന് യോഗം ചേരുന്നുണ്ട്. കോവിഡ് വ്യാപനം പ്രതിരോധിക്കാനായി മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ഡല്‍ഹിയിലെ ഡോക്ടര്‍മാരും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരോട് പരിശോധന നടത്താനും പടരാതിരിക്കാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാനും അവര്‍ ആവശ്യപ്പെട്ടു.