സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ മുന്‍പില്‍ എറണാകുളം ജില്ല

സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ മുന്‍പില്‍ എറണാകുളം ജില്ലയാണെന്ന് റിപ്പോര്‍ട്ട്. ജില്ലയിലെ 60 പൊലീസ് സ്‌റ്റേഷന്‍ പരിധികളിലായി 9148 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാസ്‌ക്ക് ഉപയോഗിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക അടക്കമുള്ളവയിലാണ് ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇപ്പോള്‍ എറണാകുളം ജില്ലയിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 3346 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.