കമ്മ്യൂണിസം രാജ്യത്ത് കൂപ്പു കുത്തി, സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടു, എൻസിപിയും തൃണമൂലും ഇനി സംസ്ഥാന പാർട്ടികൾ

ന്യൂഡൽഹി . കമ്മ്യൂണിസം രാജ്യത്ത് തകർന്നടിയുന്നു. സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടു. സിപിഐ, എൻസിപി, തൃണമൂൽ പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം ആം ആദ്മി പാർട്ടിയെ (എഎപി) തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ദേശീയ പാർട്ടിയായി അംഗീകരിച്ചു. കേരളത്തിലും തമിഴ്നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്ക് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവിയും സി പി ഐക്ക് ഇല്ലാതായി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിക്ക് ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുണ്ട്. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നാഗാലാൻഡിലും തിപ്ര മോത ത്രിപുരയിലും സംസ്ഥാന പാർട്ടിയായും അംഗീകാരം നേടി. മറുവശത്ത്, ഭാരത് രാഷ്ട്ര സമിതിയെ (ബിആർഎസ്) ആന്ധ്രാപ്രദേശിൽ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചിട്ടില്ല.

ഒരു പാർട്ടിക്ക് ദേശീയ പാർട്ടിയാകാൻ നാല് സംസ്ഥാനങ്ങളിലായി ആറ് ശതമാനം വോട്ട് ആണ് വേണ്ടത്. ഡൽഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഇതിനകം തന്നെ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഇത്തവണ ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരിക്കുന്നത്.

ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നല്‍കുന്നത്. ഒരു പാര്‍ട്ടിക്ക് 4 സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടി പദവി ലഭിച്ചാല്‍ ദേശീയ പാര്‍ട്ടി പദവി ലഭിക്കും. 3 സംസ്ഥാനങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒരു പാര്‍ട്ടി ലോക്‌സഭയില്‍ 3 ശതമാനം സീറ്റ് നേടിയാല്‍ ദേശീയ പാർട്ടിയായി അംഗീകരിക്കും. ഇതിനായി 11 സീറ്റുകള്‍ നേടേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഈ സീറ്റുകള്‍ കേവലം ഒരു സംസ്ഥാനത്ത് നിന്നു മാത്രമുള്ളതും ആവാൻ പാടില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരിക്കുകയും വേണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാര്‍ട്ടിക്ക് 4 ലോക്‌സഭാ സീറ്റുകള്‍ക്ക് പുറമേ 4 സംസ്ഥാനങ്ങളില്‍ 6% വോട്ടുകള്‍ ലഭിച്ചാല്‍ ഒരു ദേശീയ പാര്‍ട്ടിയായി കണക്കാക്കപ്പെടും.