സിപിഎമ്മിന് ലീഗിനോട് പ്രേമം, നടക്കില്ല: സുധാകരന്‍

കൊച്ചി. ലീഗുകാര്‍ വര്‍ഗീയവാദികളെന്നു പറഞ്ഞ സിപിഎമ്മിനു ലീഗിനോടു പ്രേമമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കൂ? കെ സുധാകരന്‍ പറഞ്ഞു.

ലീഗുകാര്‍ വര്‍ഗീയവാദികളാണ് എന്ന് പറഞ്ഞത് സിപിഎം ആണ്. ഇപ്പോള്‍ ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറയുന്നു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ് എന്ന് മുന്‍പ് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റുമോ എന്നും സുധാകരന്‍ ചോദിച്ചു.

ശശി തരൂര്‍ എംപി കോണ്‍ഗ്രസിന്റെ സ്വത്താണ്. തരൂരും പാര്‍ട്ടിയും ഒറ്റക്കെട്ടായി പോകും, ആശയക്കുഴപ്പങ്ങളില്ല. യാതൊരു പ്രശ്നങ്ങളും ഇല്ല. പാര്‍ട്ടിയും തരൂരും ഒറ്റക്കെട്ടായി മുന്നോട്ടുപോകും. തരൂരിന് ജനങ്ങളിലുള്ള സ്വാധീനം പാര്‍ട്ടി പ്രയോജനപ്പെടുത്തും. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തരൂരുമായി ഡല്‍ഹിയില്‍വച്ച് ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി ചട്ടക്കൂടിന് അനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
തരൂരിനെ വിമർശിച്ചു പ്രശ്‌നം വഷളാക്കരുതെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായമുണ്ടായി.

അടുത്ത മൂന്ന് മാസത്തിനകം കോണ്‍ഗ്രസ് പുനഃസംഘടന പൂര്‍ത്തിയാക്കും. കഴിവുള്ളവരും നന്നായി പ്രവര്‍ത്തിക്കുന്നവരും നേതൃത്വത്തിലേക്ക് വരും. പുനഃസംഘടനയ്ക്ക് എഐസിസി അനുമതി നല്‍കിയതായും സുധാകരന്‍ പറഞ്ഞു.