ലൈംഗികച്ചുവയുള്ള സംസാരം ; വിദ്യാർത്ഥിനികളുടെ പരാതിയിൽ സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ : ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റൂട്ടിൽ വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയുള്ള സംസാരം നടത്തിയ സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ. ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്തിനെയാണ് (43) അറസ്റ്റ് ചെയ്തത്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമാണ് ശ്രീജിത്ത്. വിദ്യാർത്ഥികൾ ആദ്യം അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയെടുത്തില്ല.

ഇത്തരം സംഭവം ഉണ്ടായാൽ പോലീസിൽ വിവരം അറിയിക്കുകയും നടപടി എടുക്കുകയും വേണം എന്നാൽ ഇത് രണ്ടും ഉണ്ടായില്ല. തങ്ങളോട് ലൈംഗിക ചുവയോടും അപമര്യാദയായും പെരുമാറി എന്നു കാണിച്ച് നാല് വിദ്യാർത്ഥിനികൾ ഇൻസ്റ്റിറ്റൂട്ടിലെ പ്രധാന അദ്ധ്യാപികയ്‌ക്ക് പരാതി നൽകിയിരുന്നു.

അധികൃതരുടെ ഇടപെടൽ ഉണ്ടാകാതിരുന്നതോടെ രക്ഷിതാക്കൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇന്നലെ വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തത്.