തൃക്കാക്കരയിലെ തോൽവിക്ക് കാരണം തേടി സി പി എം രണ്ടംഗ കമ്മീഷനെ നിയമിച്ചു.

 

കൊച്ചി/ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർഥി ജോ ജോസഫിനുണ്ടായ കനത്ത പരാജയം പരിശോധിക്കാൻ സി പി എം രണ്ട് അംഗ കമ്മീഷനെ നിയോഗിച്ചു. എ കെ ബാലനും ടി പി രാമകൃഷ്ണനും ആണ് കമ്മീഷനൈൽ അംഗങ്ങൾ. വോട്ട് ചോർച്ചയടക്കം കമ്മീഷന്‍ പരിശോധിക്കും.

പരാജയം പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണോയെന്ന കാര്യത്തിലായിരുന്നു സംസ്ഥാന സമിതിയിൽ പ്രധാന ച‍ര്‍ച്ച നടന്നത്. തുടർന്നാണ് കമ്മീഷനെ നിയോഗിക്കാൻ തീരുമാനമെടുക്കുന്നത്. എൽഡിഎഫിന്‍റെ മുൻമന്ത്രിമാരും എംഎൽഎമാരും അടക്കം വൻ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പിൽ സി പി എം നാടിളക്കിയുള്ള പ്രചാരണം തന്നെ നടത്തി. ജോ ജോസഫിന് വേണ്ടി മുഖ്യമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന് ചുക്കാൻ പിടിച്ചു. പ്രാദേശിക കൺവെൻഷനുകളിൽ പോലും മുഖ്യമന്ത്രി പങ്കെടുത്തു. മന്ത്രിമാരും മുതിർന്ന നേതാക്കളുമടക്കം പ്രചരണത്തിൽ സജീവമായി രംഗത്ത് ഉണ്ടായിരുന്നെങ്കിലും, ഫലം വന്നപ്പോൾ സി പി എം ക്യാമ്പിന് കടുത്ത നിരാശയാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് 72767 വോട്ടുകളും ജോ ജോസഫിന് 47752 വോട്ടുകളും ആണ് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12955 വോട്ടാണ് ലഭിച്ചത്. 25016 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷമായിരുന്നു ഉമ തോമസ് മണ്ഡലത്തില്‍ നേടുന്നത്. വമ്പൻ പ്രചരണം നടത്തിയിട്ടും തോൽവി നേരിടേണ്ടി വന്ന സാഹചര്യം പരിശോധിക്കുമെന്ന് സി പി എം നേരത്തേ പറഞ്ഞിരുന്നു.