സംസ്ഥാന വ്യാപകമായി പ്രതിഷേധമുയർത്തി കോൺഗ്രസ്

കൽപ്പറ്റയിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. കൽപ്പറ്റയിൽ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും അണികളുടെയും വലിയ പ്രതിഷേധ റാലിയുണ്ടായി. വയനാട്ടിലെ സംഭവത്തെ പൊക്കിപ്പിടിച്ച് നാട്ടിലാകെ കോൺഗ്രസ് അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളി കോൺഗ്രസിന് തന്നെ ആപത്തായിരിക്കുമെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു.

ജില്ലാ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് കെഎസ് യു പ്രവർത്തകരും ആക്രമണങ്ങൾക്ക് പിന്നാലെ തെരുവിലിറങ്ങി. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം. ഗുണ്ടായിസവും അക്രമങ്ങളും ഉപേക്ഷിക്കുന്നതാണ് കോൺഗ്രസിന് നല്ലതെന്നും ഇപി ജയരാജൻ പറഞ്ഞു. സമാധാനം ഉറപ്പുവരുത്താൻ ജനങ്ങളുടെ സർക്കാരും പൊതുസമൂഹവും നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.