ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുത്ത് സിആര്‍പിഎഫ്, കമാന്‍ഡോകള്‍ രാജ്ഭവനിലെത്തി

തിരുവനന്തപുരം. ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ സുരക്ഷ ഏറ്റെടുത്ത് സിആര്‍പിഎഫ്. സിആര്‍പിഎഫിന്റെ കമാന്‍ഡോ സംഘമാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഗവര്‍ണര്‍ക്ക് ഇഡസ് പ്ലസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റോഡിലിരുന്ന് പ്രതിഷേധിച്ചിരുന്നു.

തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സിആര്‍പിഎഫ് കമാന്‍ഡോകളെ നിയോഗിക്കുകയായിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സംസാരിച്ചിരുന്നു. ഗവര്‍ണര്‍ റോഡിലിരുന്ന് തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സക്രട്ടറിയെ വിളിച്ചിരുന്നു.

ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസിലും വിവരം അറിയിച്ചു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയ എസ്എഫ്‌ഐക്കാര്‍ക്കെതിരെ രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറിന്റെ വിവരങ്ങള്‍ രാജ്ഭവന്‍ കേന്ദ്രത്തിന് കൈമാറി.