ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ പത്ത് പേര്‍ക്ക് കോവിഡ്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരു താരത്തിനും സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെ പത്തോളം പേർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടീം ഒരാഴ്ച ക്വാറന്റൈനിലാണ്. ഇന്ത്യയുടെ സമീപകാല മത്സരങ്ങളിൽ കളത്തിലിറങ്ങിയ യുവ ബോളർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. താരത്തിനു പുറമെ സ്റ്റാഫ് അംഗങ്ങളിൽ ചിലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റീൻ കാലാവധി നീട്ടാൻ ചെന്നൈ സൂപ്പർ കിങ്സ് തീരുമാനിച്ചു. സംഘത്തിലെ പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐ.പി.എൽ ടൂർണമെൻറിനായി ടീമുകളെത്തിയതോടെ കോവിഡ് പരിശോധന അടക്കമുള്ള ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയിരുന്നു. കളിക്കാർക്കും ടീം ഒഫീഷ്യൽസിനുമടക്കം 20,000 കോവിഡ് പരിശോധനകളായിരിക്കും നടത്തുക. ഈ പരിശോധനയിലാണ് ചെന്നൈ ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനായി ചെന്നൈ താരങ്ങൾ ഈ മാസം 21നാണ് യുഎഇയിലെത്തിയത്. ചെന്നൈയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ ക്യാപ്റ്റൻ എം.എസ്. ധോണി ഉൾപ്പെടെയുള്ളവർ ഒരുമിച്ചാണ് യുഎഇയിലെത്തിയത്.അടുത്ത മാസം 19 മുതൽ നവംബർ 30 വരെയാണ് ഇത്തവണ ഏപിഎൽ അരങ്ങേറുക.

അതേസമയം, മൽസരക്രമത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് ഐ.പി.എൽ അധികൃതർ അറിയിച്ചു. അബുദാബി, ഷാർജ, ദുബായ് എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎൽ മൽസരങ്ങൾ നടക്കുന്നത്. 53 ദിവസം ദൈർഘ്യമുള്ള ടൂർണമെന്റിൽ 60 മൽസരങ്ങളുണ്ട്.യുഎഇയിലെത്തിയ ശേഷം ഒന്നാം ദിനവും മൂന്നാം ദിനവും ആറാം ദിനവുമായി മൂന്നു ഘട്ടങ്ങളിലായാണ് ചെന്നൈ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത്.

ഇന്ത്യയിൽനിന്ന് യാത്ര തിരിക്കും മുൻപും കോവിഡ് പരിശോധന നടത്തിയിരുന്നു. യുഎഇയിലെത്തിയ ശേഷമുള്ള പരിശോധനകളിൽ ഒന്നിലാണ് ഇന്ത്യൻ താരത്തിനും സ്റ്റാഫ് അംഗങ്ങളിൽ ചിലർക്കും കോവിഡ് സ്ഥിരീകരിച്ചത്. സിഎസ്കെ മാനേജ്മെന്റിന്റെ ഭാഗമായിട്ടുള്ള മുതിർന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. അവരുടെ സോഷ്യൽ മീഡിയ ടീമിലെ കുറഞ്ഞത് രണ്ടു പേർക്കും കോവിഡ് സ്ഥിരീകരിച്ചു’ – ഐപിഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.